Advertisment

ടെക്നോളജി വി.സി സിസാ തോമസിനെ സർക്കാരിന് പേടിയോ? എങ്ങനെയും വി.സി ചുമതലയിൽ നിന്ന് മാറ്റാൻ ഗവർണറെ സമ്മർദ്ദത്തിലാക്കി സർക്കാർ; ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് തുടർച്ചയായ അഭ്യർത്ഥന; വി.സി ചുമതല വേണ്ടെന്നു പറഞ്ഞ ഉദ്യോഗസ്ഥയെ ഒന്നാം പേരുകാരിയാക്കി പകരം പാനൽ, തള്ളിക്കളഞ്ഞ് ഗവർണറും. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ

New Update

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ ഏതു വിധേനയും മാറ്റാൻ ഗവർണർക്കു മേൽ സമ്മർദ്ദവുമായി സർക്കാർ രാജ്ഭവനിൽ കയറിയിറങ്ങുകയാണ്. ഈ മാസം 31ന് അവർ വിരമിക്കുന്നതിനാൽ വി.സി ചുമതലയിൽ നിന്ന് മാറ്റി, പകരം ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്നാണ് ആവശ്യം.

Advertisment

publive-image


നേരത്തേ സജിയുടെ പേര് സർക്കാർ നൽകിയെങ്കിലും തള്ളിക്കളഞ്ഞാണ് സിസയെ വി.സിയായി ഗവർണർ നിയമിച്ചത്. നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ സജി ഗോപിനാഥിനെയും പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ശുപാർശ നിരസിച്ചത്.


സമാനമായ നോട്ടീസ് നൽകിയിരുന്ന എം.ജി വി.സി പ്രൊഫ. സാബു തോമസിന് മലയാളം വാഴ്സിറ്രി വി.സിയുടെ ചുമതല ഗവർണർ നൽകിയ സാഹചര്യത്തിലാണ് സജി ഗോപിനാഥിനായി ഗവർണർക്കു മേൽ സർക്കാർ സമ്മർദ്ദം ശക്തമാക്കിയത്. സ്ഥിരം വി.സിയെ നിയമിക്കുന്നതു വരെ തുടരാനാണ് സിസാ തോമസിന് ഗവർണർ നൽകിയിട്ടുള്ള ഉത്തരവ്. അതിനാൽ മാർച്ച് 31ന് വിരമിച്ചാലും അവർക്ക് വി.സിയായി തുടരാനാവും. എന്നാൽ സർവകലാശാലാ നിയമപ്രകാരം ആറുമാസത്തേക്കാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടത്. സിസയെ വി.സിയാക്കിയ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാനിടയില്ല.

താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി മുൻ അക്കാഡമിക് ഡീൻ ഡോ.വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരാണ് പാനലിൽ ഉള്ളത്.

സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് കാട്ടി അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിസാതോമസിന്റെ നിയമനം ശരിവയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

publive-image


താത്കാലിക വി.സി നിയമനത്തിൽ സർക്കാറിന് ശുപാർശ നൽകാനുള്ള അധികാരം അംഗീകരിച്ച ഹൈക്കോടതി, വേണമെങ്കിൽ സർക്കാറിന് മൂന്നു പേരുകളടങ്ങിയ പാനൽ ഗവർണർക്ക് നൽകാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ നടപടി. അതേസമയം,. പ്രൊഫ. സിസാ തോമസിന് വി.സിയാവാനുള്ള യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അവരെ പുറത്താക്കിയിട്ടില്ല. പാനൽ നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ഉത്തരവിലുള്ളത്. ഇത് പരിഗണിച്ച് നിയമനം നടത്തണമെന്ന് ഗവർണർക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വിലയിരുത്തുന്നു.


ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സിസാ തോമസിനെ മാറ്റാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് കത്ത് നൽകി. നിയമനത്തിലെ ക്രമക്കേട് കണ്ടെത്തി ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയപ്പോൾ ഡോ.ബൈജുബായിയോട് ഗവർണർ മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. അവർക്ക് വിസിയുടെ ചുമതലയേൽക്കാൻ താത്പര്യമില്ലെന്നും അറിയിച്ചു.

Advertisment