തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ. ഐക്യം നഷ്ടപ്പെട്ടുവെന്നും അതിന് കാരണക്കാർ ആയവരുമായി ചർച്ച നടത്തിയിട്ട് യാതൊരു കാര്യമില്ലെന്നും ഈ പ്രശ്നം പരിഹരിക്കാനായി ഹൈക്കമാൻഡിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഹസ്സൻ കൂട്ടിച്ചേർക്കുകയുണ്ടായി.
ഹൈക്കമാൻഡ് എന്നു പറയുന്നത് താരിഖ് അൻവർ അല്ല,പക്ഷേ താരിഖ് അൻവർ വിളിച്ചാലും ചർച്ചയ്ക്ക് പോകും… മതിയായ ചർച്ച നടത്തിയിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു… ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാനകാരണം ചർച്ച നടക്കാതെയുള്ള നാടകീയമായ പ്രഖ്യാപനമാണെന്നും ഹസ്സൻ വ്യക്തമാക്കുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്ത് വന്നിരുന്നു. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്.അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കട്ടെ.ആരു ജയിച്ചാലും അംഗീകരിക്കണം.കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം .ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.