പുനര്‍ജനി പദ്ധതി; പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇഡി അന്വേഷണം

New Update

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) പ്രാഥമിക അന്വേഷണം തുടങ്ങി. 2018 ലെ പ്രളയത്തിന് ശേഷം ആരംഭിച്ച പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. നേരത്തെ കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇഡിയും വിവരശേഖരണം തുടങ്ങിയത്.

Advertisment

publive-image

2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാകും ഏജന്‍സി പരിശോധിക്കുക. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനിപദ്ധതിയില്‍ നിരവധി അഴിമതികള്‍ നടത്തിയെന്നാണ് വിഡി സതീശനെതിരെയുളള പരാതി. ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് വിഡി സതീശനെതിരെ പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്, സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കിയിരിക്കുന്നു. എന്നാല്‍ നിയമസഭാംഗത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വിഡി സതീശന്‍ വിദേശത്തേക്ക് പോയത് എന്നതടക്കം നിരവധി കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും.

Advertisment