അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷും പ്രതിയായതിനു പിന്നിൽ കെ.സുധാകരന്റെ വിയർപ്പുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; സുധാകരനെ വധിക്കാൻ പിണറായി വിജയൻ ആളെ വിട്ടെന്ന വെളിപ്പെടുത്തൽ മുക്കാനുള്ള സിപിഎമ്മിന്റെ അടവാണ് ഇതെന്ന് ഷഫീർ

New Update

തിരുവനന്തപുരം: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട പ്രസംഗത്തിലെ വിവാദ പരാമർശം നാക്കുപിഴയാണെന്ന വിശദീകരണവുമായി കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷഫീർ രംഗത്ത്. കേസിൽ പി.ജയരാജനെ പ്രതിയാക്കാൻ കെ.സുധാകരൻ ഇടപെട്ടിട്ടില്ലെന്ന് ഷഫീർ വ്യക്തമാക്കി. താൻ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വിവാദമാക്കിയത് സിപിഎമ്മിന്റെ തന്ത്രമാണ്. സുധാകരനെ വധിക്കാൻ പിണറായി വിജയൻ ആളെ വിട്ടെന്ന വെളിപ്പെടുത്തൽ മുക്കാനുള്ള സിപിഎമ്മിന്റെ അടവാണ് ഇതെന്നും ഷഫീർ ആരോപിച്ചു.

Advertisment

publive-image

‘‘കെ.സുധാകരൻ സാറിനെ കേസിൽ പെടുത്തുന്നതിനെതിരെ വമ്പിച്ച പൊതുയോഗമുണ്ടായിരുന്നു. അതിൽ മുഖ്യ പ്രഭാഷകനായി ഞാനും പങ്കെടുത്തതാണ്. ഒന്നര മണിക്കൂറാണ് പ്രസംഗം. ആ പ്രസംഗം ഞാൻ ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിച്ചത്. അപ്പോൾ സുധാകരൻ സാർ വേദിയിലെത്തിയിരുന്നു. ഞാൻ പറഞ്ഞത് ഇങ്ങനെയാണ്; ഇവിടെ നിങ്ങൾ സുധാകരനെ ആർഎസ്എസ് ആക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ ഒരു കാര്യം അറിയുക. അരിയിൽ ഷുക്കൂറിന്റെ കൊലപാതകം നടന്നു. നിയമപോരാട്ടം നടത്താൻ കെ.സുധാകരനേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അവിടെത്തന്നെ പറഞ്ഞു. കൃപേഷ് ലാലിന്റെ കൊലപാതകം നടന്നു. നിയമ പോരാട്ടം നടത്തിയത് സുധാകരൻ. ഷുഹൈബിന്റെ കൊലപാതകം നടന്നു, നിയമ പോരാട്ടം നടത്തിയത് സുധാകരൻ.’

‘‘പിന്നീട്, പാനൂരുള്ള മുസ്‍ലിം യൂത്ത് ലീഗിന്റെ നേതാവ് മൻസൂറിനെ 2021ൽ വെട്ടിക്കൊന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചിരുന്നത്. എഫ്ഐആർ എടുത്തില്ല. പ്രതികളെ പിടിക്കുന്നില്ല. കെ.സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം, പ്രകടനം, ബഹളം. മൻസൂറിന്റെ കൊലപാതകത്തിൽ എഫ്ഐആർ ഇട്ട് പ്രതികളെ പിടിക്കണമെന്നു പറഞ്ഞു നടത്തിയ പ്രതിഷേധമാണ് അത്. ആ പോരാട്ടമാണ് പറഞ്ഞുവന്നത്. ആ സമയത്താണ് ഒരു കുട്ടിയുമായി ചിലർ സ്റ്റേജിലേക്കു വന്നത്. അതോടെ എന്റെ സംസാരത്തിന്റെ ഫ്ലോ പോയി.’

‘‘മൻസൂറിന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ പോയി അവരെ വിരട്ടിയിട്ടായാലും ശരി, കൃത്യമായി അന്വേഷണം നടത്തി പ്രതികളെ പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അതിനിടയിലാണ് ഇതെല്ലാം സംഭവിച്ചത്. അതിനു ശേഷമാണ് ഞാൻ അരിയിൽ ഷുക്കൂറിന്റെ കാര്യം പറയുന്നത്.

ഷുക്കൂറിന്റെ ഉമ്മയ്ക്ക് നീതി കിട്ടുന്നതിനായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പോയി സിബിഐ വരുന്നതിനായി കെ.സുധാകരൻ നടത്തിയ പോരാട്ടവും പിന്തുണയുമാണ് ഞാൻ ആ വേദിയിൽ ആവർത്തിച്ചത്. ഇതു രണ്ടും ചേർത്തുവച്ചാണ് ഇപ്പോൾ വിവാദമുണ്ടായത്. ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല. പി.ജയരാജനെ പ്രതിയാക്കുന്നതിന് സുധാകരൻ ഭീഷണിപ്പെടുത്തിയതായോ, പി.ജയരാജനെ പ്രതിയാക്കുന്നതിൽ സുധാകരന് എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.’

‘‘‌കഴിഞ്ഞ ദിവസം ജി.ശക്തിധരന്റെ ഒരു പ്രസ്താവന വന്നിരുന്നു. കെ.സുധാകരനെ കൊല്ലുന്നതിനായി സിപിഎം വാടകക്കൊലയാളികളെ വിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. അക്കൂട്ടത്തിൽ അഞ്ചാം പത്തി ഇല്ലായിരുന്നെങ്കിൽ സുധാകരൻ കൊല്ലപ്പെടുമായിരുന്നുവെന്നും ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ വെളിപ്പെടുത്തി. ഈ വിവാദം കത്തിനിൽക്കുന്നത് കണ്ടപ്പോഴാണ് അവർക്ക് ഈ വിഷയം കിട്ടുന്നത്. അങ്ങനെയാണെങ്കിൽ പി.ജയരാജനെ പ്രതിയാക്കാൻ കെ.സുധാകരൻ ശ്രമിച്ചതായി ഷഫീർ പറഞ്ഞെന്ന് വരുത്താൻ ശ്രമിച്ചു. ഇതാണ് സത്യം.’

‘‘കെ.സുധാകരനെ കൊല്ലാൻ പിണറായി വിജയൻ ആളെ വിട്ടെന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട ചർച്ചകളും മുക്കാൻ സിപിഎം ബോധപൂർവം പി.ജയരാജനെക്കൊണ്ട് വാർത്താ സമ്മേളനം നടത്തിച്ചതാണ്. ഇക്കാര്യത്തിൽ പാർട്ടിക്കും തെറ്റിദ്ധാരയൊന്നുമില്ല. കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ സമയത്ത് സ്റ്റേജിലുണ്ട്. ഞാൻ എന്താണ് പറഞ്ഞതെന്നും പറഞ്ഞുവന്നതെന്നും അവർക്കറിയാം. ആ നേതാവിനോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് സംഭവിച്ചതാണ്. ഇനിമുതൽ കൂടുതൽ ശ്രദ്ധ പുലർത്തും.’ – ഷഫീർ പറഞ്ഞു.

Advertisment