തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിൽ യു.ഡി.എഫ് എം.എൽ.എമാരെയും പ്രതികളാക്കാൻ സാദ്ധ്യതയേറി. അന്നത്തെ വനിതാ എം.എൽ.എമാരുടെ പരാതിയിലെ അന്വേഷണത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കം ഗുരുതര വകുപ്പുകൾ ചുമത്തും.
ബാർ കോഴ ആരോപണത്തിന് വിധേയനായ ധനമന്ത്രി കെ.എം.മാണി 2015 മാർച്ച് 13ന് ബജറ്റ് അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സഭയിലുണ്ടായ അക്രമത്തിൽ തങ്ങൾക്കും പരിക്കേറ്റെന്ന് എൽ.ഡി.എഫിന്റെ അന്നത്തെ എം.എൽ.എമാരായ ഇ.എസ്.ബിജിമോൾ,എ.ഗീതാഗോപി എന്നിവർ പരാതി നൽകിയിട്ടുണ്ട്. ചികിത്സാ രേഖകൾ കുറ്റപത്രത്തോടൊപ്പം ഉണ്ടെങ്കിലും കേസിൽ സാക്ഷിയാക്കിയില്ലെന്നാണ് അവരുടെ പരാതി.
തുടരന്വേഷണത്തിന് അനുമതി തേടിയപ്പോൾ തന്നെ അനുബന്ധകുറ്റപത്രം നൽകേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കും മുൻപ് അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചതോടെ ഈ ഭാഗം ഹർജിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. അന്നത്തെ സ്പീക്കറുടെയും വാച്ച് ആൻഡ് വാർഡിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി.ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരാണ് നിലവിലെ പ്രതികൾ.
ബജറ്റ് അവതരണ ദിവസം നിയമസഭയിൽ അപമാനിക്കപ്പെട്ടെന്നാരോപിച്ച് വനിതാ എം.എൽ.എമാർ അന്നുതന്നെ സ്പീക്കർക്ക് പരാതി നൽകിയെങ്കിലും തുടർ നപടികളുണ്ടായിരുന്നില്ല. തൊഴിലിടങ്ങളിൽ നടക്കുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പൊലീസിനു കൈമാറണമെന്നതാണു നിയമം. പരാതി കൈമാറിയില്ലെങ്കിൽ തൊഴിൽ ഉടമക്കെതിരെയും കേസെടുക്കാം. സ്ഥാപനം എന്ന വിശദീകരണത്തിൽ നിയമസഭ ഉൾപ്പെടുമോ എന്ന സാങ്കേതികത്വം നിലനിൽക്കുമെങ്കിലും സ്പീക്കറുടെ നടപടി തെറ്റായിരുന്നെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.
ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിന് കേസെടുക്കാൻ കഴിയുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. എംഎൽഎമാരായ ജമീലാ പ്രകാശം, കെ.കെ. ലതിക, ഇ.എസ്. ബിജിമോൾ എന്നിവരാണു പരാതിക്കാർ. തന്നെ ആക്രമിച്ചുവെന്നാരോപിച്ച് സിപിഐ എംഎൽഎ ഗീതാ ഗോപിയും പരാതി നൽകിട്ടുണ്ട്.
ആറന്മുള എംഎൽഎയായിരുന്ന കെ.ശിവദാസൻ നായരെ ജമീലാ പ്രകാശം കടിച്ചു പരുക്കേൽപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ശിവദാസൻ നായരും എം.എ. വാഹിദും ബജറ്റ് അവതരണത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. ചില മാധ്യമങ്ങളിൽ ജമീലാ പ്രകാശം കടിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ജമീലാ പ്രകാശത്തിനെ ശിവദാസൻ നായർ പുറകിൽ നിന്നു കൈകൊണ്ട് ചുറ്റിപിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു ശേഷമായിരുന്നു ജമീലാ പ്രകാശം കടിച്ചത്. ഇടതുകൈ പുറകിലേക്കു ചുറ്റിപിടിക്കുകയും വിടാൻ പറഞ്ഞപ്പോൾ വലത്തെ കാലിൽ മുട്ടു കൊണ്ടിക്കുകയും മറ്റൊരു കൈ കൊണ്ട് പുറകിൽ വയറിൽ അമർത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് ജമീലാ പ്രകാശത്തിന്റെ ആരോപണം.
ഭർത്താവിന്റെ ജാതി പറഞ്ഞ് ഡൊമനിക് പ്രസന്റേഷൻ അപമാനിക്കാൻ ശ്രമിച്ചുവെന്നും, ഒന്നിലേറെ തവണ ഡൊമനിക് പ്രസന്റേഷൻ ഇതാവർത്തിച്ചുവെന്നും ജമീല പ്രകാശം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെളിവായി ദൃശ്യങ്ങൾ നൽകാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കി. കെ.കെ. ലതികയും ഡൊമനിക് പ്രസന്റേഷനെതിരേ പരാതി നൽകിയിട്ടുണ്ട്. തന്നെ തള്ളിയിട്ടെന്നാണു പരാതി.
മുദ്രാവാക്യം വിളിച്ചു നിന്ന തന്നോട് അപമര്യാദയായി പെരുമാറിയെന്നും അവർ ആരോപിച്ചിട്ടുണ്ട്. ഷിബുബേബി ജോണിനെതിരേയാണു ഇ.എസ്. ബിജിമോൾ പരാതി നൽകുന്നത്. ട്രഷറി ബഞ്ചിൽ കെ.എം.മാണിയുടെ സമീപത്തേയ്ക്ക് പോകാൻ ശ്രമിച്ച തന്നെ ഇരുകൈകളും ഡെസ്‌കിൽ വച്ചു മന്ത്രി തടഞ്ഞു. ഇതിനിടെ പല തവണ തന്നെ തള്ളിയിടാൻ ശ്രമം നടത്തിയെന്നും ഇവർ ആരോപിച്ചിട്ടുണ്ട്.
അതേസമയം, നിയമസഭക്കുള്ളിൽ അഞ്ച് വനിതാ എം.എൽ.എ.മാരെ കൈയ്യേറ്റം ചെയ്തുവെന്ന കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് എ.എച്ച് ഹഫീസിന്റെ പരാതി പോലീസ് സ്പീക്കർക്ക് കൈമാറിയിരുന്നു. സഭക്കുള്ളിൽ നടന്ന സംഭവമായതിനാലാണ് തുടർനടപടിക്കായി പരാതി ഡി.ജി.പി വഴി സ്പീക്കർക്ക് കൈമാറിയത്.
ഇതിൽ തുടർനടപടിയുണ്ടായില്ല. കെ. ശിവദാസൻനായർ, എം.എ വാഹിദ്, ഡൊമിനിക് പ്രസൻേറഷൻ, ഷിബു ബേബി ജോൺ, എ.ടി ജോർജ് എന്നിവർ വനിത എം.എൽ.എമാരെ ആക്രമിച്ചെന്നും സംഭവം കണ്ടുനിന്നിട്ടും സ്പീക്കറായിരുന്ന എൻ. ശക്തൻ ഇവർക്കെതിരെ നടപടിയെടുത്തില്ലെന്നുമാണ് ഹഫീസിന്റെ പരാതിയിൽ പറയുന്നത്.
സഭക്കുള്ളിൽ നടന്ന സംഭവമായതിനാൽ കേസിൽ തുടർനടപടികൾക്ക് സ്പീക്കറുടെ അനുമതി ആവശ്യമാണ്. നിയമസഭയിലെ പരാക്രമങ്ങൾക്കിടെ കെ ശിവദാസൻ നായർ തനിക്കുനേരെ ലൈംഗികച്ചുവയോടെ അടുത്തുവെന്നാണ് ജമീല പ്രകാശം പരാതിയിൽ ആരോപിക്കുന്നത്. ഒടുവിൽ നിവൃത്തികേടുകൊണ്ടാണ് താൻ അദ്ദേഹത്തെ കടിച്ചതെന്നും പരാതിയിൽ പറയുന്നു. ഏതൊരു പെണ്ണും പ്രതികരിക്കുന്നതുപോലെയാണ് താനും സംഭവത്തിൽ പ്രതികരിച്ചതെന്നാണ് ജമീല പ്രകാശം പറയുന്നത്.