Advertisment

സ്ത്രീ പീഡനവും അഴിമതികഥകളും മുഖ്യ വിഷയമായി തിരുവനന്തപുരം പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് ! സഹപ്രവര്‍ത്തകയ്ക്ക് എതിരെ സദാചാര പോലീസിങും പിന്നാലെ പണിയും പോയ നേതാവ് ഒരു വശത്ത് നയിക്കുമ്പോള്‍ മറുഭാഗത്തെ കുടുക്കുന്നത് സമാന ആരോപണത്തിനൊപ്പം അഴിമതിയും ! തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രചരിക്കുന്നത് ഇരു പാനലുകളുടെയും നാറ്റക്കഥകള്‍ മാത്രം! സ്ത്രീ പീഡനത്തിന്റെ പേരില്‍ ആരോപണം നേരിടുന്നതും സര്‍ക്കാര്‍ ഫണ്ട് പുട്ടടിച്ചതിന്റെയുമൊക്കെ നിറം പിടിപ്പിച്ച കഥകള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊതു സമൂഹം. തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന് നാണക്കേടായി ഒരു തെരഞ്ഞെടുപ്പ് കാലം !

New Update

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ്‌ക്ലബ് തെരഞ്ഞെടുപ്പിന്റെ പേരില്‍ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ പരസ്പരമുള്ള ചെളിവാരിയേറ് തുടങ്ങി. ഈമാസം 23നാണ് തെരഞ്ഞെടുപ്പ്. നിലവിലെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന സെക്രട്ടറി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനലും കെയുഡബ്ലുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന്‍രെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് മത്സരം.

Advertisment

publive-image

സ്ത്രീപീഡനവും അഴിമതിയുമാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും പ്രധാന കൂട്ടായ്മയായ പ്രസ്‌ക്ലബിന്റെ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നതാണ് രസകരം. ഇത്തരമുള്ള എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരെ തൂലിക പടവാളാക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പീഡനകഥകളും അഴിമതികളും മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സജീവമായി കഴിഞ്ഞു. നിലവില്‍ മത്സരിക്കുന്ന രണ്ടു പാനലിനെതിരെയും അഭിപ്രായമുള്ളവരും കുറവല്ല.

കഴിഞ്ഞ തവണത്തെ സെക്രട്ടറിയായിരുന്ന കേരളാ കൗമുദിയിലെ എം രാധാകൃഷ്ണനെതിരെ വലിയ ആരോപണങ്ങളാണുള്ളത്. വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര പോലീസിങ് നടത്തുകയും തുടര്‍ന്ന് ക്രിമിനല്‍ കേസിലും ഇദ്ദേഹം പ്രതിയായിരുന്നു. കേരളാ കൗമുദിയും ഇദ്ദേഹത്തെ പുറത്താക്കി.

എന്നാല്‍ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാധാകൃഷ്ണന്റെ വാദം. രാധാകൃഷ്ണന്‍ മത്സരിക്കുന്നതിനെതിരെ തലസ്ഥാനത്തെ വനിതാ മാധ്യമ കൂട്ടായ്മയും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. രാധാകൃഷ്ണന്റെ പാനലില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ രണ്ടുപേരെ പത്രത്തിന്റെ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

പത്രത്തിന് മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സമരമിരിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് സൂചന. എം രാധാകൃഷ്ണനും അദ്ദേഹത്തിനൊപ്പം മത്സരിക്കുന്നവര്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലും വലിയ ആക്ഷേപം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എതിര്‍പാനലിനെതിരെയും പല പരാതികളുമുണ്ട്.

കഴിഞ്ഞ രണ്ടു തവണയായി കേസരി ( കെയുഡബ്ലുജെ തിരുവനന്തപുരം ജില്ലാ ഘടകം) പ്രസിഡന്റായ ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലത്തിന്റെ നേതൃത്വത്തിലാണ് രാധാകൃഷ്ണനെതിരെ മത്സരിക്കുന്നത്. എന്നാല്‍ പത്രപ്രവര്‍ത്തക യൂണിയനിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ പ്രചാരണം. ഈ പാനലിലുള്ളവര്‍ക്കെതിരെയും സ്ത്രീപീഡന ആരോപണങ്ങളുമുണ്ട്.

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച മാധ്യമ പ്രവര്‍ത്തകനടക്കം ഉള്‍പ്പെടുന്ന പാനലിനു വേണ്ടി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന നിലകൊള്ളുന്നതായും എതിരാളികള്‍ ആരോപിക്കുന്നു. നേരത്തെ കെയുഡബ്ലുജെയിലെ ഒരു വനിതാ ഭാരവാഹി മറ്റൊരു ഭാരവാഹിക്കെതിരെ പീഡനപരാതി പോലീസിന് നല്‍കിയികുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ ഈ പരാതി മൂടിവച്ചതായി ഈ വനിതാ ഭാരവാഹി ആരോപിക്കുന്നുണ്ട്.

പത്രപ്രവര്‍ത്തക യൂണിയന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന ആക്ഷേപവും തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയമാണ്. തിരുവനന്തപുരത്ത് കെയുഡബ്ലുജെയ്ക്ക് ഡിജിറ്റല്‍ ലൈബ്രറി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കൈമാറിയ 25 ലക്ഷം രൂപയുടെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് വര്‍ഷങ്ങളായും നല്‍കാത്തതും വിവാദമാണ്.

23നാണ് തെരഞ്ഞെടുപ്പ്. അതുവരെ ഇരു വിഭാഗവും തങ്ങളുടെ നേട്ടം പറഞ്ഞല്ല വോട്ടു പിടിക്കുന്നതെന്നതാണ് രസകരം. അഴിമതി കഥകളും സ്ത്രീപീഡന ആരോപണങ്ങളും മാത്രമാണ് തലസ്ഥാനത്തെ മാധ്യമ കൂട്ടായ്മയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം എന്നതാണ് ശ്രദ്ധേയം.

tvm press club
Advertisment