/sathyam/media/post_attachments/4DO5BzpBFFB01LxHXKES.jpg)
തിരുവനന്തപുരം∙ കന്യാകുളങ്ങരയിലെ സ്കൂളിൽ ഷര്‍ട്ട് ഇൻഷർട്ട് ചെയ്തതിനു വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരപീഡനം. ഹോക്കി സ്റ്റിക്കും വടികളും ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ മോഹനപുരം സ്വദേശിയായ സുഹൈല്‍ എന്ന വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മർദിച്ചതിനെതിരെ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ച ഇൻഷർട്ട് ചെയ്തു സ്കൂളിലെത്തിയ മോഹനപുരം സ്വദേശിയായ സുഹൈലിനോടു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഷര്‍ട്ട് പുറത്തിടാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോക്കി സ്റ്റിക്കും വടികളും ഉപയോഗിച്ചായിരുന്നു ക്രൂരമായ ആക്രമണം.
രക്ഷിതാക്കൾ പ്രിന്‍സിപ്പലിനും വട്ടപ്പാറ പൊലീസിനും പരാതി നൽകിയെങ്കിലും സുഹൈലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണു കുടുംബത്തിന്റെ പരാതി. സ്കൂൾ അധികൃതർ നേരിട്ടു പരാതി നൽകിയാൽ മാത്രമെ റാഗിങിന് കേസെടുക്കാന്‍ കഴിയൂ എന്നാണ് പൊലീസിന്റെ നിലപാട്.