ട്വിറ്ററില്‍ ‘സ്റ്റാറ്റസിടാം’; ഫ്ലീറ്റ്‌സും വോയിസ്ച്ചാറ്റും പരിചയപ്പെടാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 26, 2020

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പുതിയ സേവനങ്ങള്‍ എത്തുന്നു. ബ്ലൂടിക് വെരിഫിക്കേഷന്‍ തിരിച്ചെത്തിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ വോയിസ് മെസ്സേജും,ഫ്ലീറ്റ്‌സുമാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലും ബ്രസീലിലും ചെറിയതോതില്‍ ഇവ ലഭ്യമാക്കിയിട്ടുണ്ട്.

ഫ്ലീറ്റ്‌സ്

ഇന്‍സ്റ്റഗ്രാമിലേതുപോലെ അല്ലെങ്കില്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസുപോലെയാണ് ട്വിറ്റര്‍ ഫ്ലീറ്റ്‌സും പ്രവര്‍ത്തിക്കുക. അക്കൗണ്ടിന് മുകളിലായി ഇവ കാണപ്പെടും. നിങ്ങളുടെ ഫോളോവേഴ്‌സിന് മാത്രമാണ് കാണാന്‍ സാധിക്കുക. 24 മണിക്കൂറുകള്‍ക്ക് ശേഷം തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും. ഫ്ലീറ്റുകള്‍ ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ പങ്കുവയ്ക്കാനോ സാധിക്കില്ല.

തെറ്റായ വിവരങ്ങള്‍ക്ക് മുന്നറിയപ്പ്

ട്വിറ്ററിലൂടെ പങ്കുവയ്ക്കപ്പെടാന്‍ സാധ്യതയുള്ള തെറ്റായ വിവരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മറ്റൊരു പുതിയ സേവനം. തെറ്റായ വാര്‍ത്തകള്‍ ഉപഭോക്താക്കള്‍ പങ്കുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ട്വിറ്റര്‍ പുതിയ സേവനത്തിലെത്തിയത്. തെറ്റായ സന്ദേശങ്ങള്‍ ലൈക്ക് ചെയ്യുന്നതും പങ്കുവയ്ക്കുന്നതും 29 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്വിറ്റര്‍ ടോപ്പിക്‌സ്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ട്വിറ്റര്‍ ടോപിക്‌സ്. ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹിന്ദിയിലും ഇംഗ്ലീഷിലും ഇവ ലഭ്യമാണ്.

ഓഡിയോ ട്വീറ്റ്

വോയിസ് മെസ്സേജുകള്‍ അയക്കാനുള്ള സേവനം ഈ വര്‍ഷം ആദ്യം തന്നെ ട്വിറ്റര്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ സേവനം ലഭ്യമായിരിക്കുന്നത്.

×