തൃശൂര്‍: തൃശൂർ പഴയന്നൂർ കൊണ്ടാഴിയിലെ എസ് ബി ഐ എടിഎമ്മില്‍ മോഷണശ്രമം നടത്തിയവര്‍ പിടിയിലായി. പ്രജിത്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ഒറ്റപ്പാലം സ്വദേശികളാണ്. അഞ്ച് ലക്ഷത്തിന്‍റെ കട ബാധ്യത തീർക്കാനാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി.
/sathyam/media/post_attachments/PLUAYwFKAkwtRXO83EeS.jpg)
ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് കവർച്ച ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എടിഎമ്മില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.
ബാത്‌റൂമിൽ പോകാനായി ഉണർന്ന സമീപവാസി ശബ്ദം കേട്ട് പുറത്തു വന്നതോടെ മോഷ്ടാക്കൾ കടന്നു കളഞ്ഞു. കാറിൽ വേഗത്തിൽ പോകവെ കുഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കാര്‍ കുഴിയിൽ നിന്നെടുക്കാൻ റോഡിലൂടെ വന്ന ഓട്ടോ ഡ്രൈവറുടെ സഹായം ഇവർ തേടിയിരുന്നു. പിന്നീട് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രതികളെ കണ്ടെത്താന്‍ സഹായമായി.
കാറിനുള്ളിൽ നിന്നും ഗ്യാസ് സിലിണ്ടറും ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഹെൽമെറ്റ് ധരിച്ചാണ് ഇവർ എ ടി എമ്മിൽ കയറിയത്. സിസിടിവി തകർക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.