കശ്മീരില്‍ വെടിവെപ്പു നടന്നതായി പൊലീസ് സ്ഥിരീകരണം ;  ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

കശ്മീര്‍: കശ്മീരില്‍ വെടിവെപ്പു നടന്നതായി പൊലീസ് സ്ഥിരീകരണം. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

ബാരാമുള്ള ജില്ലയിലെ ഗാനി ഹമാം മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനുശേഷം ആദ്യമായാണ് വെടിവെപ്പു നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നത്.

പ്രതിഷേധക്കാര്‍ പൊലീസിനുനേരെ ഗ്രനേഡ് പ്രയോഗിച്ചെന്നാണ് പൊലീസ് തങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാള്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്.

‘എസ്.പി.ഒ ബിലാല്‍ അഹമ്മദാണ് മരിച്ചത്. പരുക്കേറ്റ അമര്‍ദീപ് പരിഹാര്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്.’ അദ്ദേഹം വ്യക്തമാക്കി.മോമിന്‍ ഗുജ്രിയെന്നയാളാണ് കൊല്ലപ്പെട്ട ബാരാമുള്ള സ്വദേശി. ഇയാള്‍ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നിയന്ത്രണ രേഖയ്ക്ക് സമീപനം ഇന്ത്യന്‍ വെടിവെപ്പില്‍ തങ്ങളുടെ മൂന്ന് പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ പറയുന്നു. പാക്കിസ്ഥാനി സേനയുടെ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

×