വാഗമണ്‍ നിശാപാര്‍ട്ടി: രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു, പ്രതികളുടെ എണ്ണം 11 ആയി

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, January 16, 2021

കൊച്ചി: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു. ഇതോടെ പ്രതികളുടെ ആകെ എണ്ണം 11 ആയി.

നിശാപാര്‍ട്ടിയിലേക്ക് ലഹരിമരുന്ന് കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ബെംഗളൂരുവില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നൈജീരിയന്‍ സ്വദേശികളെ കൂടി കേസില്‍ പ്രതിചേര്‍ത്തത്.

ഡിസംബര്‍ 20-നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചത്. എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങി ഏഴ് തരത്തിലുള്ള മയക്കുമരുന്നുകളാണ് പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പലരും ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

നിശാ പാര്‍ട്ടിയിലൂടെ വന്‍ ലഹരി മരുന്ന് വില്‍പന ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയ്ഡ് നടക്കുമ്പോള്‍ 45 പുരുഷന്‍മാരും 14 സ്ത്രീകളും ഉള്‍പ്പെടെ 59 പേര്‍ ഉണ്ടായിരുന്നു.

വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേ രീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

×