ആലപ്പുഴയിൽ വീടിനു സമീപത്തെ കുളത്തിലും പാറക്കുളത്തിലും മുങ്ങി രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, December 8, 2019

ആലപ്പുഴ : ജില്ലയുടെ 2 ഭാഗങ്ങളിൽ ഇന്നലെ വെള്ളത്തിൽ നഷ്ടമായതു 2 പിഞ്ചു ജീവനുകൾ. ചേർത്തല കണിച്ചുകുളങ്ങരയിൽ രണ്ടര വയസ്സുകാരൻ വീടിനു സമീപത്തെ കുളത്തിലും ചെങ്ങന്നൂർ ആലാ പെണ്ണുക്കരയിൽ 2 വയസ്സുകാരൻ പാറക്കുളത്തിലും മുങ്ങി മരിച്ചു.

കണിച്ചുകുളങ്ങര കന്നിമേൽ മോബിന്റെയും ജിൻസിയുടെയും ഇളയ മകൻ ജോ ഇമ്മാനുവൽ, പത്തനംതിട്ട കൊടുമൺ ഐക്കാട് അബിയ വില്ലയിൽ അജയന്റെയും ലേഖയുടെയും മകൻ അഡോൺ എന്നിവരാണു മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു എസ്എൽ പുരത്തെ ദാരുണ സംഭവം. പെണ്ണുക്കരയിൽ വൈകിട്ടു മൂന്നോടെയും.

ലേഖ ഹോംനഴ്സായി ജോലി ചെയ്യുന്ന പെണ്ണുക്കര പുതുവാക്കയിൽ വീടിനു സമീപത്തെ പാറക്കുളത്തിലാണ് അഡോൺ മുങ്ങിമരിച്ചത്. ലേഖ അടുക്കളയിൽ ചായയുണ്ടാക്കുമ്പോൾ അഡോൺ മുറ്റത്തു കളിക്കുകയായിരുന്നു. പിന്നീടു കാണാതായി. തിരച്ചിലിൽ പാറക്കുളത്തിൽ കണ്ടെത്തി.
കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: അബിയ. ജോ അപകടത്തിൽ പെട്ടത് താറാവുകളെ ഇറക്കുന്ന കുളത്തിലാണ്. കുളത്തിനു ചുറ്റും വല കെട്ടിയിരുന്നെങ്കിലും ഒരു ഭാഗം തുറന്നിരിക്കുകയാണ്. അതുവഴി കുട്ടി ഇറങ്ങിയതാവാമെന്നു കരുതുന്നു. ജോയുടെ സംസ്കാരം നടത്തി. സഹോദരങ്ങൾ: പൊന്നു, മിന്നു.

×