തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പോലീസ് മൊഴിയെടുക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക. പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവീന്‍കുമാര്‍, മജീദ് ഫര്‍സാന്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിനു ശേഷമായിരിക്കും ഇ.പി ജയരാജനേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരേയൂം ചോദ്യം ചെയ്യുക.
പരാതിക്കാര്‍ നേരിട്ട് പോലീസിന് നല്‍കിയ പരാതിയല്ല. കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായ പ്രകാരം കോടതിയുടെ നിര്‍ദേശപ്രകാരമെടുത്തതാണ്. അതുകൊണ്ടുതന്നെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് വലിയതുറ പോലീസ് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ പരാതിയില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജയരാജനും കൂട്ടര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.