ലക്ഷം വിലമതിക്കുന്ന വീര്യം കൂടിയ എംഡിഎംഎ, ഹാഷിഷ് മയക്കുമരുന്നുകളുമായി പാലാ സ്വദേശികളായ യുവാക്കള്‍ പിടിയില്‍

New Update

publive-image

കോട്ടയം :  കുറുപ്പന്തറയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും ആഡംഭര കാറുമായി പാലാ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായി. പാലാ തിടനാട് ചെങ്ങഴ  വീട്ടില്‍ ബെൻ ജോസ് ബിനോയ് (20 ), കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പില്‍ മാനുവലിന്‍റെ മകൻ ജെർമിയ മാനുവൽ (21) എന്നിവരാണ് പിടിയിലായത്.

Advertisment

എറണാകുളത്തുനിന്നും വീര്യം കൂടിയ ലഹരിമരുന്നായ എം ഡി എം എ , ഹാഷിഷ് എന്നിവയുമായി കാറില്‍ വരികയായിരുന്ന യുവാക്കള്‍ കുറുപ്പന്തറയിൽ ശനിയാഴ്ച വൈകിട്ട്  കടുത്തുരുത്തി എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുടുങ്ങിയത്. ആഡംബര കാറില്‍ വന്ന യുവാക്കളില്‍ നിന്നും 8.91 ഗ്രാം എം ഡി എം എ ( 22 എണ്ണം ), 0.63 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടികൂടിയത്.

കടുത്തുരുത്തി റേഞ്ച് ആഫീസിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ ഇന്ന് വൈക്കം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് പാലാ സബ് ജയിലിലേയ്ക്ക് അയച്ചു . പാലാ ജനറല്‍ ആശുപത്രിയില്‍ കൊറോണ പരിശോധനയ്ക്ക് ശേഷമേ ഇവരെ ജയിലില്‍ പ്രവേശിപ്പിക്കുകയുള്ളൂ .

കൂടുതല്‍ എണ്ണം പിടികൂടിയതിനാല്‍ ഇവര്‍ ജില്ലയില്‍ വിതരണത്തിന് എത്തിച്ച മയക്കുമരുന്നാണോ അതോ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്നതാണോ ഇതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

370 മില്ലിഗ്രാം തൂക്കമുള്ള നാക്കിനടിയില്‍ വയ്ക്കുന്ന ക്യാപ്‌സൂൾ രൂപത്തിലും പൊടിയുടെ രൂപത്തിലുമാണ് എം.ഡി.എം.എ ലഭിക്കുന്നത്.  ഒരെണ്ണത്തിനു 4000 മുതൽ 5000 രൂപ വരെയാണ് ചില്ലറ വില. ബംഗളൂരുവിൽ നിന്നാണ് ഇത് കേരളത്തില്‍ എത്തുന്നതെന്നാണ് വിവരം.

ചെറിയ വിലയ്ക്കാണ് ഇത് മൊത്തവിതരണക്കാർക്കു ലഭിക്കുക. ഇവർ ഇത് കൂടിയ വിലയ്ക്ക് എത്തിച്ചു വിൽപ്പന നടത്തും . ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുള്ള വീട്ടിലെ കുട്ടികളെയാണ് ഈ സംഘം ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് പിടിയിലായ യുവാക്കളും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.

ഇവരില്‍ ഒരാളുടെ പിതാവ് അടുത്തിടെ കൈക്കൂലി കേസില്‍ കോട്ടയത്ത് അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കഞ്ചാവിനും മദ്യത്തിനും വീര്യം പോരെന്നു തോന്നുന്ന പുതു തലമുറയെ ലക്ഷ്യം വച്ചാണ് വീര്യം കൂടിയ എം.ഡി.എം.എ ലഹരി മരുന്ന് 'വിപണിയില്‍' പ്രചരിക്കുന്നത് .

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു ടി എമ്മിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന . റെയ്ഡിൽ പ്രിവന്റീവ് ആഫീസർമാരായ സാബു,  മേഘനാഥൻ , അനീഷ് കുമാർ കെ വി , സിവിൽ എക്സൈസ് ആഫീസർമാരായ ആനന്ദരാജ്, തോമസ് ചെറിയാൻ, പ്രമോദ്, തൻസീർ, സുമേഷ്, മഹേഷ്, മഹാദേവൻ, രാജേഷ്, സിദ്ധാർത്ഥ്, WCEOമാരായ ചിത്ര, ധന്യാ മോൾ ,ഡ്രൈവർ സന്തോഷ് എന്നിവരും പങ്കെടുത്തു.

pala news
Advertisment