ലയനത്തിന് ഫിനാബ്ലറും ബിഎഫ്‌സിയും ! ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; സൃഷ്ടിക്കപ്പെടുന്നത് ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ കറന്‍സി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ്‌

ഗള്‍ഫ് ഡസ്ക്
Wednesday, February 24, 2021

ദുബായ്: റീജിയണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പവര്‍ഹൗസ് സൃഷ്ടിക്കുന്നതിനുള്ള ലയനത്തെക്കുറിച്ച് യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കണ്‍സോര്‍ഷ്യവും ബിഎഫ്‌സി ഗ്രൂപ്പും വിപുലമായ ചര്‍ച്ച നടക്കുന്നു.

പ്രിസം ഗ്രൂപ്പ് എജിയും അബുദാബിയുടെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്ട്‌ണേഴ്‌സും 2020 ഡിസംബറില്‍ ഫിനാബ്ലറിന്റെ ഓഹരികള്‍ വാങ്ങുന്നതിനായി ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു.

യുഎഇ എക്‌സ്‌ചേഞ്ച്, യൂണിമോണി, എക്‌സ്പ്രസ് മണി ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഫിനാബ്ലറിന് (Finablr ) 170 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ബിഎഫ്‌സി ഗ്രൂപ്പിന്റെ പ്രൊഡക്ടുകളില്‍ ബിഎഫ്‌സി ഫോറെക്‌സ്, ബിഎഫ്‌സി പേയ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

2021-ന്റെ രണ്ടാം പാദത്തോടെ ഇടപാട് അന്തിമമാക്കുമെന്ന് കണ്‍സോര്‍ഷ്യത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ആറു ജിസിസി രാജ്യങ്ങളിലും നേരിട്ട് സാന്നിധ്യമുള്ള ഏറ്റവും വലിയ പണമടയ്ക്കല്‍ സേവനങ്ങളും കറന്‍സി എക്‌സ്‌ചേഞ്ച് ഗ്രൂപ്പും ഈ കരാറിലൂടെ സൃഷ്ടിക്കപ്പെടും.

ഫിനാബ്ലറിന്റെ ആസ്തികള്‍ ഏറ്റെടുക്കല്‍ പ്രക്രിയ അതിവേഗം തുടരുകയാണ്. കമ്പനിയുടെ ബാധ്യത പുനസംഘടിപ്പിക്കാന്‍ ഡിസംബറില്‍ കണ്‍സോര്‍ഷ്യം സ്വതന്ത്ര നിക്ഷേപ ബാങ്കായ മൊയ്‌ലിസ് & കമ്പനിയെ നിയമിച്ചിരുന്നു.

പണമിടപാട് നയങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം യുഎസിലെ പ്രമുഖ സാമ്പത്തിക കംപ്ലയിന്‍സ് ഉപദേഷ്ടാവ് മാട്രിക്‌സിനെ നിയമിച്ചിരുന്നു.

”ഞങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ധനകാര്യ സേവന വ്യവസായത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിലാണ്. ഈ മേഖലയുടെ പരിവര്‍ത്തനത്തില്‍ സംയുക്ത ഗ്രൂപ്പിന് ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയും”-പ്രിസം ഗ്രൂപ്പ് സിഇഒ അമീര്‍ നാഗമ്മി പറഞ്ഞു.

” 24 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കായി വേഗത്തിലും കാര്യക്ഷമമായും പണമടയ്ക്കല്‍ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ യഥാര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയാകാന്‍ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ കരാര്‍ അംഗീകാരത്തിന് വിധേയമായിരിക്കും.

×