/sathyam/media/post_attachments/Q0tRSPUx2Pov5vIL6LFD.jpg)
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ പേരിൽ വ്യാജവിഡിയോ പ്രചരിപ്പിക്കപ്പെട്ട കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ യുഡിഎഫിനെതിരെ ഒരു പരാമർശവുമില്ല. വിഡിയോ പ്രചരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ എങ്ങും പറയുന്നില്ല. നസീറാണ് വിഡിയോയുടെ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് നേതാവായ നൗഫലാണ് യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിപ്പിച്ചത്.
അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈൽ വഴിയും ഇയാൾ വിഡിയോ ഷെയർ ചെയ്തിരുന്നു. നൗഫലിന്‍റെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിയിലായ അബ്ദുൾ ലത്തീഫിനെയും നൗഫലിനെയും നസീറിനെയും പതിനാല് ദിവസത്തേക്ക് കാക്കനാട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67 എ, ജനപ്രാധിനിധ്യ നിയമത്തിലെ 123 നാല് തുടങ്ങിയ വകുപ്പുകളാണ് മൂന്ന് പേർക്കും എതിരെ ചുമത്തിയത്. ഈ മൂന്ന് അറസ്റ്റുകളല്ലാതെ പിന്നീട് കസ്റ്റഡിയോ അറസ്റ്റുകളോ ഉണ്ടായിട്ടില്ല.
നൗഫലിന് മുഖ്യസൂത്രധാരൻ നസീറാണ് വിഡിയോ കൈമാറിയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്ന് തൃക്കാക്കര പൊലീസ് വെളിപ്പെടുത്തിയിരുന്നു. മലപ്പുറം കോട്ടക്കുന്ന് സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാളാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കൊച്ചി പൊലീസ് പറഞ്ഞിരുന്നു.
അറസ്റ്റിലായ ലത്തീഫ് ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചിരുന്നു. പ്രതി മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ തയ്യാറാവണമെന്നും ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൽഡിഎഫ് ആരോപിക്കുന്നത് പോലെ കേസിൽ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്ത വൻകിട ഗൂഢാലോചന എന്ന കാര്യമൊന്നും നിലവിൽ റിമാൻഡ് റിപ്പോർട്ടിലില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us