Advertisment

78 ഉറച്ച സീറ്റുകള്‍ എണ്ണിപ്പറഞ്ഞ് എഐസിസി റിപ്പോര്‍ട്ട്. സാധ്യതാ ലിസ്റ്റില്‍ 11 മണ്ഡലങ്ങള്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കടന്നുകയറ്റം നടത്തും, കോട്ടയത്ത് പിന്നോട്ടടിക്കും. ശബരിമല നയം വെളിപ്പെടുത്തി യെച്ചുരിയും സഹായിച്ചു ! പെന്‍ഷനും കിറ്റുമായി പിണറായി നടത്തിയ തേരോട്ടത്തെ തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ അരിഞ്ഞു വീഴ്ത്തിയത് പിന്‍വാതില്‍ നിയമനം, ആഴക്കടല്‍ കരാര്‍, ഇരട്ട വോട്ടുകള്‍ തുടങ്ങിയ വിവാദങ്ങള്‍ ഒന്നൊന്നായി പുറത്തുവിട്ട രമേശ് ചെന്നിത്തലയുടെ ചടുലമായ നീക്കങ്ങള്‍ ! പ്രചരണ രംഗത്ത് യുഡിഎഫില്‍ കരുനീക്കങ്ങളിലൂടെ താരമായത് പ്രതിപക്ഷ നേതാവുതന്നെയെന്നും വിലയിരുത്തല്‍

New Update

publive-image

Advertisment

ഡല്‍ഹി: കേരളത്തില്‍ 78 -ല്‍ കുറയാത്ത സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എഐസിസി വിലയിരുത്തല്‍. വോട്ടെടുപ്പ് ദിവസം എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി 140 മണ്ഡലങ്ങളിലും പ്രതിനിധികളെ വച്ച് നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ഉറപ്പുള്ള സീറ്റുകള്‍ 78, സാധ്യതാ ലിസ്റ്റില്‍ 11 മണ്ഡലങ്ങള്‍ എന്നിങ്ങനെയാണ് വിലയിരുത്തല്‍. പ്രചരണത്തിന്‍റെ അന്തിമഘട്ടത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തിയതായാണ്  റിപ്പോര്‍ട്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശബരിമല നയം വ്യക്തമാക്കലോടുകൂടി വിശ്വാസി സമൂഹത്തിനിടയില്‍ ശബരിമല വീണ്ടും വിഷയമായി മാറിയത്രെ. ആഴക്കടല്‍ മത്സ്യബന്ധനം തീരദേശ മേഖലയില്‍ നിന്നുള്ള പത്തോലം മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാം.

സിപിഎം അണികള്‍ക്കിടയില്‍ പ്രത്യേകിച്ച് കണ്ണൂരില്‍പോലും പിണറായി വിജയന്‍റെ ഏകാധിപത്യ നിലപാടുകളോടുള്ള വിയോജിപ്പ് ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ വോട്ടുകളായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

publive-image

ഇതുപ്രകാരം കണ്ണൂരില്‍ 4 മണ്ഡലങ്ങള്‍ ഉറപ്പുള്ള വിഭാഗത്തില്‍ ഉള്‍പ്പെട്ടു. കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് എന്നിവയാണിത്.

കഴിഞ്ഞ തവണ അടപടലം യുഡിഎഫിനെ പിഴുതെറിഞ്ഞ തൃശൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇത്തവണ ഒപ്പത്തിനൊപ്പം മുന്നേറ്റമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കൊല്ലത്ത് 5, ആലപ്പുഴയില്‍ 4, പത്തനംതിട്ടയില്‍ 3, തിരുവനന്തപുരം 5 എന്നിങ്ങനെയാണ് യുഡിഎഫിന്‍റെ ഈ ജില്ലകളിലെ ഉറച്ച മണ്ഡലങ്ങളുടെ കണക്ക്.

കോട്ടയത്ത് നഷ്ടം തന്നെയാണ് വിലയിരുത്തലിലുള്ളത്. ഉറപ്പുള്ള സീറ്റുകളായി കോട്ടയവും പുതുപ്പള്ളിയുമാണ് കണക്കാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി എന്നിവ സാധ്യതാ ലിസ്റ്റിലുണ്ട്. കാഞ്ഞിരപ്പള്ളിയിലും പാലായിലും തികച്ചും അനുകൂല ഘടകങ്ങളുണ്ടായിരുന്നത് പ്രയോജനപ്പെടുത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇടുക്കിയില്‍ തൊടുപുഴയും പീരുമേടുമാണ് ഉറച്ച മണ്ഡ‍ലങ്ങളുടെ ലിസ്റ്റിലുള്ളത്. ഇടുക്കിയും ഉടുമ്പന്‍ചോലയും സാധ്യതാ ലിസ്റ്റിലും. ദേവികുളത്ത് കനത്ത മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്നും വിലയിരുത്തുന്നു.

publive-image

പത്തനംതിട്ടയില്‍ റാന്നി, കോന്നി, ആറന്മുള എന്നിവയാണ് ഉറച്ച ലിസ്റ്റിലുള്ളത്. തിരുവല്ല സീറ്റിന്‍റെ കാര്യത്തിലും പ്രതീക്ഷയുണ്ട്.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സംസ്ഥാനമൊട്ടുക്കുമായി നടത്തിയ പ്രചരണ പരിപാടികളും റോഡ്ഷോയും വളരെ ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. യുഡിഎഫിന്‍റെ അണികളില്‍ ഇത് ആവേശം ഇരട്ടിയാക്കി. ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും രാഹുലും പ്രിയങ്കയും എത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഐക്യമാണ് പ്രചരണ രംഗത്തുണ്ടായിരുന്നതെന്നും വിലയിരുത്തുന്നു.

വോട്ടേഴ്സ് ലിസ്റ്റിലെ വ്യാപക ക്രമക്കേട്, പിന്‍വാതില്‍ നിയമനം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ യുഡിഎഫിന് അനുകൂലമായി വഴിതിരിച്ചുവിട്ടത്.

പിന്‍വാതില്‍ നിയമന വിവാദം പുറത്തുവന്ന സമയം വരെ സര്‍ക്കാരിനായിരുന്നു മേല്‍ക്കൈ എങ്കില്‍ അതിനുശേഷമുണ്ടായ ഓരോ പ്രതിപക്ഷ നീക്കങ്ങളും സര്‍ക്കാരിനെ പുറകോട്ടു നയിച്ചു. ഇത്തരം നിര്‍ണായകമായ ഇടപെടല്‍ നടത്തിയ രമേശ് ചെന്നിത്തലയുടെ പങ്കിനെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശം തന്നെയുണ്ട്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ചെന്നിത്തലയുടെ നേതൃത്വം തന്നെയായിരിക്കും അംഗീകരിക്കപ്പെടുക എന്നതിന്‍റെ സൂചനയാണിത്.

delhi news
Advertisment