അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രണ്ട് കിഡ്‌നിയും തകരാറില്‍

New Update

publive-image

കൊച്ചി; കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

Advertisment

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുല്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവില്‍ നിന്ന് പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മഅദനിക്ക് കേരളത്തില്‍ എത്താന്‍ അവസരം ലഭിച്ചത്. 12 ദിവസത്തേക്കാണ് സന്ദര്‍ശനാനുമതി. ആരോഗ്യനില ഗുരുതരമായതിനാല്‍ പിതാവിനെ കാണാന്‍ കൊല്ലത്തേക്ക് എപ്പോള്‍ പോകാനാകുമെന്നത് അനിശ്ചിതത്വത്തിലാണ്.

ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിന്‍ ഉള്‍പ്പെടെയുള്ളവയുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മഅദനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പിഡിപി നേതാക്കളുടെ ആവശ്യം. ഇതിനായി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും.

രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു

Advertisment