മോസ്കോ: ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു.
/sathyam/media/post_attachments/8tRjQRDP2LrZ4VacEvc5.jpg)
തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ വെല്ലുവിളിച്ചിട്ടുണ്ട്. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നിർദേശം നൽകിയത്. പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈൻ തേടിയിട്ടുണ്ട്.
രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിൻ്റെ വിശദീകരണം.
ഇതിനോടകം യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമതപ്രവിശ്യകളിൽ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക നടപടി പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ ക്രീവിൽ സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാൻ യുക്രൈന് സാധിക്കില്ല.
അമേരിക്കയും നാറ്റോയും വിഷയത്തിൽ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.