കീവി: മാസങ്ങള്‍ നീണ്ട അധിനിവേശ ഭീഷണിക്കൊടുവില്‍ യുക്രെയ്നെ ആക്രമിച്ച് റഷ്യ. തലസ്ഥാനമായ കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായി. കീവില്‍ നിന്ന് ജനം പാലായനം ചെയ്യുന്നു. ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ യുക്രെയ്ൻ അധികൃതർ നിര്‍ദേശം നൽകി. കടകളിലും എടിഎമ്മുകളിലും മരുന്നുകടകളിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.
/sathyam/media/post_attachments/7i7tYvtcOFoTwUoRGYOi.jpg)
കിഴക്കന്‍ യുക്രെയ്നില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെ യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണുണ്ടായി. റഷ്യന്‍ അധിനിവേശം തുടങ്ങിയെന്നും ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വച്ച് കീടങ്ങണമെന്നും പുടിന്‍ യുക്രെയ്ന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ അറിയിച്ചു.
റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്. റഷ്യന്‍ അധിനിവേശം തടയാന്‍ യു. എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം നടക്കുന്നതിനിടെയാണ് സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്.
നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സൈനിക നടപടിക്കുളള പുടിന്‍റെ പ്രഖ്യാപനം. റഷ്യയുടെ ആവശ്യങ്ങള്‍ അമേരിക്കയും നാറ്റെയും തുടരെ നിരാകരിച്ചെന്ന് പുടിന്‍ ആരോപിച്ചു.