അഞ്ചു വർഷക്കാലത്തോളം സര്‍ക്കാര്‍ എവിടെയായിരുന്നു?  ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് വരുമ്പോൾ കൊണ്ടു വരുന്നതാണെന്ന് ഉമ്മൻചാണ്ടി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, November 26, 2020

തൃശൂർ: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിനെതിരെ ഉമ്മൻചാണ്ടി. രമേശിനെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെങ്കിൽ കേസ് ഇല്ല എന്നാണ് അർത്ഥമെന്ന് ഉമ്മൻചാണ്ടി ചൂണ്ടികാട്ടി.

അഞ്ചു വർഷക്കാലത്തോളം സര്‍ക്കാര്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ തിടുക്കപ്പെട്ട് അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാർ കോഴ ആരോപണം രമേശ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചല്ലെന്നും ഇത്തരം ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് വരുമ്പോൾ കൊണ്ടു വരുന്നതാണെന്നും ഉമ്മൻചാണ്ടി തൃശൂര്‍ പ്രസ്സ് ക്ലബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

സോളാർ കേസ് പരാതികളിൽ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സത്യം ആർക്കും മൂടി വെക്കാനാവില്ല, വിവാദങ്ങൾ സത്യവുമായി ബന്ധം ഇല്ലാത്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണ്. തികച്ചും നിർഭാഗ്യകരമാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന നടപടിയായിരുന്നെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

×