എട്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യു.പി.എ കാലഘട്ടത്തില്‍ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോള്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്; കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി വിജയനും തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്ന് കെ. സുരേന്ദ്രന്‍; കേരളത്തിന്റെ പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി വരുമെന്ന് പറയുന്നവര്‍ മലയാളികളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 1, 2021

തിരുവനന്തപുരം: എട്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യു.പി.എ കാലഘട്ടത്തില്‍ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോള്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്കുവേണ്ടി 1957 കോടി രൂപ അനുവദിച്ചതില്‍ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം പ്രകടമാണ്.

കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി വിജയനും തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്രയും കൈയഴച്ച്‌ സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല.

താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുന്‍വിധിയോടെ സമീപിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം.

കേന്ദ്ര പദ്ധതികള്‍ തങ്ങളുടേതാക്കി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം ചിലവഴിച്ച പണവും കേന്ദ്രം നല്‍കിയ പണവും എത്രയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി വരുമെന്ന് പറയുന്നവര്‍ മലയാളികളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സ്ഥാനഭ്രഷ്ടനായി മാറിയത് ജനങ്ങള്‍ മറന്നിട്ടില്ല. മുസ്ലിംലീഗ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

×