തിരുവനന്തപുരം: നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രളയവും ജി.എസ്.ടിയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചതോടെയാണ് സംസ്ഥാനം കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കുന്നത്.
സാമ്പത്തികാനുകൂല്യങ്ങള്‍ക്കൊപ്പം ബജറ്റില്‍ കൂടുതല്‍ പദ്ധതികളും ഉള്‍പ്പെടുത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പൊതുവായ ഗ്രാന്‍ഡുകളും സഹായങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് പൊതുവായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യം മറികടക്കാന്‍ കൂടുതല്‍ ഉത്തേജക പാക്കേജുകളും സാമ്പത്തിക ക്രയവിക്രയം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമാണ് വേണ്ടത്.
എച്ച്.എന്‍.എല്‍, എഫ്.എ.സി.ടി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കപ്പെടുമ്പോള്‍, തൊഴില്‍ നഷ്ടം മാത്രമല്ല വ്യവസായ വികസനത്തിനായി സംസ്ഥാനം വിട്ടുനല്‍കിയ ഭൂമി വന്‍കിട വ്യക്തികളുടെ കൈയിലാവുകയും ചെയ്യും. ഇതിലെ അപകടവും എതിര്‍പ്പും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ആശാവഹമായ സമീപനമാണ് കേരളം ആഗ്രഹിക്കുന്നത്.
പുനരുദ്ധാരണത്തിനും നവകേരള നിര്‍മ്മിതിക്കും ലോകബാങ്കും ജര്‍മ്മന്‍ബാങ്കും നല്‍കുന്ന വായ്പയിലും ലോകരാജ്യങ്ങളുടെ സഹായത്തിലുമാണ് കേരളത്തിന്റെ കണ്ണ്. എന്നാല്‍, വായ്പയുടെ കാര്യത്തില്‍ കേന്ദ്രത്തിന് അല്‍പം രാഷ്ട്രീയമുണ്ടെന്നാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറയുന്നത്. ട്രഷറി നീക്കിയിരുപ്പ് വായ്പയായി കണക്കാക്കി ഈ വര്‍ഷം 6000 കോടി രൂപയുടെ വായ്പാനുമതി നിരസിച്ചു. വായ്പാപരിധി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്ന് മൂന്നരശതമാനമാക്കണമെന്ന അപേക്ഷയും അംഗീകരിച്ചില്ല.
പ്രളയദുരിതാശ്വാസത്തിനായി വിദേശങ്ങളില്‍ നിന്ന് തരപ്പെടുത്തുന്ന സഹായങ്ങളെ സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയുമുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാരം സമയത്ത് ലഭിക്കുന്നില്ല. നികുതിവിഹിതം മാസത്തിലെ ആദ്യദിവസത്തില്‍നിന്ന് മൂന്നാമത്തെ ആഴ്ചയിലേക്ക് മാറ്റി. ഇത് ശമ്പളവിതരണത്തിനും മറ്റും കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഈ രണ്ട് നടപടികളും റദ്ദാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.