ഉന്നാവ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു ; സഹോദരിക്ക് ജോലി നല്‍കുമെന്ന് ലഖ്നൗ കമ്മീഷണര്‍

New Update

ലഖ്നൗ : ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു.

Advertisment

publive-image

ലഖ്നൗ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതം നല്‍കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവിലെത്തണമെന്നും അല്ലാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമായിരുന്നു നേരത്തെ കുടുംബത്തിന്റെ നിലപാട്.

യുവതിയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൊലപാതകത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്ന് ലഖ്നൗ കമ്മീഷണര്‍ ഉന്നാവിലെത്തി യുവതിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുകയായിരുന്നു.

യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലഖ്നൗ കമ്മീഷണര്‍ മുകേഷ് മെഷ്റാം ഉറപ്പുനല്‍കി. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് പ്രകാരം നിയമവും നടപടിക്രമവും പരിശോധിച്ച് സ്വയംരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പി.എം.എ.വൈ. പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് യുവതിയുടെ കുടുംബം നിലപാട് മയപ്പെടുത്തി മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

Advertisment