ലക്നൗ ∙ ഹിന്ദി സംസാരിക്കുന്ന ജനത്തെ ‘രണ്ട് ഗുജറാത്തി കൊള്ളക്കാർ’ അഞ്ച് വർഷമായി പറ്റിക്കുകയാണെന്ന് തുറന്നടിച്ച് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് ഐ.പി. സിങ്ങ്. ജനം തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ ‘പ്രചാര’മന്ത്രിയെയാണോയെന്നും സിങ് ട്വിറ്ററിൽ വിമർശനമുയർത്തി. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി.
അതിനോട് സിങ്ങിന്‍റെ മറുപടി ഇങ്ങനെയായിരുന്നു - മൂന്ന് പതിറ്റാണ്ടുകൾ ഞാന്‍ പാർട്ടിക്കു നൽകി. പാർട്ടിക്കകത്ത് സത്യം പറയുന്നതു കുറ്റമാണെങ്കിൽ ബിജെപിയിൽ ജനാധിപത്യമില്ലെന്നാണ് അർഥം. എന്നോടു ക്ഷമിക്കൂ നരേന്ദ്രമോദിജീ, കണ്ണ് കെട്ടിക്കൊണ്ട് എനിക്ക് താങ്കളുടെ ചൗക്കിദാറായി പ്രവർത്തിക്കാന്‍ സാധ്യമല്ല. – സിങ് നിലപാടു വ്യക്തമാക്കി.
/sathyam/media/post_attachments/QmkmcJ1LL0Fd8mtw1sRW.jpg)
ധാർമികതയുള്ള ഒരു ക്ഷത്രിയ കുടുംബത്തിലെ അംഗമാണ് ഞാൻ. ഹിന്ദി സംസാരിക്കുന്ന ജനത്തെ ‘രണ്ട് ഗുജറാത്തി കൊള്ളക്കാർ’ അഞ്ച് വർഷമായി പറ്റിക്കുകയാണ്. ഗുജറാത്ത് സമ്പദ്‍വ്യവസ്ഥയെക്കാൾ പലമടങ്ങു വലുതാണ് ഉത്തർപ്രദേശിന്റേത്. എന്നിട്ടും എന്തു വികസനത്തിനാണ് ഇവർ കാരണക്കാരായത്– ട്വീറ്റിൽ ഐ.പി. സിങ് വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായിട്ടായിരുന്നു അടുത്ത ട്വീറ്റ്. ഒരു പ്രധാനമന്ത്രിയെയാണോ അല്ല പ്രചാരമന്ത്രിയെയാണോ നമ്മൾ തിരഞ്ഞെടുത്തത്?. രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷർട്ടും ചായക്കപ്പും വിൽക്കുന്നതു നല്ലതാണോയെന്നും സിങ് ചോദിച്ചു.
ആശയംവച്ചാണ് ബിജെപി ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടേണ്ടത്. മിസ്കോളുകളിലൂടെയും ടീ ഷർട്ടുകളിലൂടെയും പാർട്ടി പ്രവർത്തകരെ ഉണ്ടാക്കാനാകില്ല. പൂർവാഞ്ചലിൽ നിന്നുള്ള അഖിലേഷ് യാദവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ യുവാക്കൾ ആവേശത്തിലാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന്റെ അവസാനം ഇതു കുറിക്കും. ആറു വർഷത്തേക്കു പുറത്താക്കിയ കാര്യം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നും സിങ് പ്രതികരിച്ചു.
ഇതിനൊപ്പം ഐ.പി. സിങ് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ട്വിറ്ററിലൂടെ പുകഴ്ത്തുകയും ചെയ്തു. അസംഘട്ടിൽനിന്നു മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ പ്രചാരണത്തിനായി ഓഫിസിനുവേണ്ടി തന്റെ വീട് വിട്ടുനൽകാൻ തയാറാണെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ഐ.പി. സിങ്ങിനെ പുറത്താക്കിയതായി ബിജെപി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദേശപ്രകാരമുളള പുറത്താക്കലിന് ആറു വർഷത്തെ പ്രാബല്യമുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us