Advertisment

ഉത്തർപ്രദേശിൽ നിന്ന് സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന്‍റെ മറ്റൊരു ഭീതിദമായ ദൃശ്യം കൂടി പുറത്ത് ; വിവാഹപ്പാർട്ടിയ്ക്കിടെ നൃത്തം ചെയ്ത യുവതിയുടെ മുഖത്ത് വെടിയുതിർത്തു

New Update

ചിത്രകൂട്: ഉത്തർപ്രദേശിൽ നിന്ന് സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന്‍റെ മറ്റൊരു ഭീതിദമായ ദൃശ്യം കൂടി പുറത്ത്. യുപിയിലെ ചിത്രകൂടിൽ വിവാഹപ്പാർട്ടിയ്ക്കിടെ നൃത്തം ചെയ്ത യുവതിയുടെ മുഖത്ത് വിവാഹപ്പാർട്ടിയിലെ ഒരു സംഘമാളുകൾ വെടിയുതിർത്തു. താടിയെല്ലിന് പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയെ ആക്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാലിവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisment

publive-image

ഈ മാസം 1-ാം തീയതിയാണ് സംഭവം. വിവാഹപാർട്ടിയ്ക്കിടെ നൃത്തം നിർത്തിയതിനാണ് യുവതിയ്ക്ക് നേരെ ഒരാൾ വെടിയുതിർത്തത്. 'ഗോലി ചൽ ജായേഗി' (വെടി വയ്ക്കും ഞാൻ നോക്കിക്കോ) എന്ന് പറഞ്ഞാണ് യുവതിയുടെ മുഖത്ത് വെടിവച്ചത്. അവിടെക്കൂടിയിരുന്ന സംഘത്തിലെ ആളുകൾ 'ഗോലി ചലാ ദോ' (വെടി വയ്‍ക്കെന്നേ) എന്ന് അലറി വിളിക്കുന്നതും ദൃശ്യത്തിൽ കാണാം.

വെടിയേറ്റ യുവതി മുഖം പൊത്തി കരഞ്ഞ് താഴെ വീഴുന്നത് കാണാം. കൂടെയുള്ള യുവതി ഇവരെ താങ്ങിപ്പിടിക്കാൻ ശ്രമിക്കുന്നുവെങ്കിലും കഴിയുന്നില്ല. ഇതേത്തുടർന്നാണ് യുവതിയെ കാൻപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഈ അക്രമം നടത്തിയത്. ഈ അക്രമം നടത്തിയവരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ചിത്രകൂട് പൊലീസ് അറിയിക്കുന്നത്. എന്നാൽ ആരാണ് ഈ അക്രമം നടത്തിയതെന്നോ, എന്താണവരുടെ വിവരങ്ങളെന്നോ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.

വെടിയേറ്റ യുവതിയുടെ താടിയെല്ല് പൂർണമായും തകർന്നു. ആരാണ് വെടിയുതിർത്തതെന്ന് പുറത്ത് വന്ന മൊബൈൽ വീഡിയോയിൽ വ്യക്തമല്ല താനും.

ഈ വീഡിയോ പുറത്തു വരികയും വിവാദമാവുകയും ചെയ്തതോടെ മാത്രമാണ് ചിത്രകൂട് പൊലീസ് സംഭവത്തിൽ കേസെടുക്കാൻ തയ്യാറായത്. അക്രമം നടന്ന് ആറ് ദിവസത്തിന് ശേഷം മാത്രമാണ് ആദ്യ രണ്ട് അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment