‘വന്നു കയറിയത് മുതല്‍ വീട് കടത്തിലായി’, ഭാര്യയോട് സ്ഥിരമായി കുത്തുവാക്ക്; അച്ഛനെ ഇഷ്ടിക കൊണ്ട് ഇടിച്ചു കൊന്ന മകന്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛനെ കൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. ഭാര്യയെ സ്ഥിരമായി അസഭ്യം പറയുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മീററ്റില്‍ ജനുവരി 19നാണ് സംഭവം. ഗ്രാമത്തിന്റെ വെളിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മകന്റെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

സ്ഥിരമായി തന്റെ ഭാര്യയെ അച്ഛന്‍ അസഭ്യം പറയുകയും കുത്തുവാക്ക് പറയുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം. മദ്യപിച്ച് വന്ന് സ്ഥിരമായി ഭാര്യയെ ശല്യം ചെയ്യുന്നതായി മകന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഭാര്യയോട് കുത്തുവാക്ക് പറയുന്നതിനെ ചൊല്ലി സ്ഥിരമായി വീട്ടില്‍ വഴക്ക് ഉണ്ടാവാറുണ്ടെന്ന് മകന്‍ പറഞ്ഞു.വീട്ടിലെ കടബാധ്യതയുടെ പേരുപറഞ്ഞ് ഭാര്യയോട് സ്ഥിരമായി അച്ഛന്‍ കുത്തുവാക്ക് പറയാറുണ്ട്.

യുവതി വീട്ടില്‍ വന്നു കയറിയത് മുതല്‍ കടത്തില്‍ മുങ്ങിയതായി അച്ഛന്‍ സ്ഥിരമായി കുറ്റപ്പെടുത്താറുണ്ട്. യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നതും അച്ഛന് ഇഷ്ടമായിരുന്നില്ലെന്നും മകന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

×