ദേശീയം

ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി, യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി; മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 18, 2021

ലക്‌നൗ: ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകി കാമുകന്മാരെ  ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മധ്യപ്രദേശില്‍ വച്ച് കൊലപ്പെടുത്തി . കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മൃതദേഹം മധ്യപ്രദേശിലും രാജസ്ഥാനിലും ഉപേക്ഷിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റസമ്മതം നടത്തി .

കമിതാക്കള്‍ ജൂലൈ 31നാണ് ഒളിച്ചോടിയത്. വീട്ടുകാര്‍ ഒരുമിച്ച് താമസിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ജീപ്പിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് രണ്ടുപേരെയും കൊണ്ടുപോയി. പോകുന്നവഴി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിച്ചു.

യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. രാജസ്ഥാനില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവാവിന്റെ അച്ഛന്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇരു സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനാണ് കേസില്‍ തുമ്പായത്. പെണ്‍കുട്ടിയുടെ കുടുംബം ഡല്‍ഹിയില്‍ പോയതായും തുടര്‍ന്ന് ഗ്വാളിയാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സഞ്ചരിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

×