അതിഥി തൊഴിലാളികളുടെ പേരില്‍ യുപിയില്‍ വീണ്ടും യോഗി – പ്രിയങ്ക പേര് മുറുകുന്നു. പ്രിയങ്കയുടെ സെക്രട്ടറിക്കെതിരെ കേസെടുത്തു. ബസുകള്‍ വേണ്ടെന്നു വയ്ക്കരുത്. നിങ്ങള്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ ബസുകളില്‍ വച്ചുകൊള്ളൂവെന്നും പ്രിയങ്ക

ജെ സി ജോസഫ്
Wednesday, May 20, 2020

ന്യൂഡൽഹി ∙ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് യു പിയില്‍ വീണ്ടും യോഗി – പ്രിയങ്ക പേര് മുറുകുന്നു. പ്രിയങ്കയുടെ സെക്രട്ടറിക്കെതിരെ കേസെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പുതിയ നീക്കം.

അതിഥി തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന പേരിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലുവിനുമെതിരെ ഉത്തർപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ ചെയ്തത് . അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ബസുകളുടെ എന്ന പേരില്‍ ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തി ബസുകളുടെ പട്ടിക അയച്ചുകൊണ്ട് കോൺഗ്രസ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സർക്കാർ ആരോപിക്കുന്നത്.

അതേസമയം  യോഗി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം . അതിഥി തൊഴിലാളികളെ സഹായിക്കാന്‍ രാഷ്ട്രീയഭിന്നത മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് സാധ്യമായ എല്ലാ തടസങ്ങളും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നിങ്ങള്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ ബസുകളില്‍ വച്ചുകൊള്ളൂ എങ്കിലും ബസുകള്‍ വേണ്ടെന്നു വയ്ക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ മൂന്നു ദിവസമാണു പാഴാക്കിയിരിക്കുന്നത്. നിരവധി തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയാണ് – പ്രിയങ്ക പറഞ്ഞു.

ഔറൈയിലുണ്ടായ അപകടത്തില്‍ 24 തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന്, അതിഥി തൊഴിലാളികള്‍ക്കായി 1,000 ബസുകൾ സർവീസ് നടത്താമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസം മുന്‍പ് പ്രിയങ്കയുടെ അഭ്യർഥനയ്ക്ക് യുപി സർക്കാർ അനുവാദം നൽകി. ബസുകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയ്ക്കു കത്തും നൽകി. ലക്നൗവിൽ ബസുകൾ കൈമാറണമെന്നും ആവശ്യപ്പെട്ടു.

പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സർക്കാർ മറ്റൊരു കത്തു നല്‍കി. രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ബസുകള്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെര്‍മിറ്റ് എടുക്കാന്‍ സമയം വേണമെന്നും വൈകിട്ട് 5 മണിയോടെ മാത്രമേ ബസുകള്‍ എത്തിക്കാന്‍ കഴിയുകളുള്ളുവെന്നും പ്രിയങ്കയുടെ ഓഫിസ് മറുപടി നല്‍കി.

കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ പറയുന്ന റജിസ്‌ട്രേഷന്‍ നമ്പരുകള്‍ ബസുകളുടേതല്ല, ഓട്ടോയുടെയും ഇരുചക്രവാഹനങ്ങളുടെയും മറ്റുമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പറഞ്ഞു .

×