Advertisment

യു.പിയില്‍ വെടിവച്ചിട്ടില്ലെന്ന് പോലീസ്, മരിച്ചത് ആറുപേര്‍ മാത്രം

New Update

മുസഫര്‍നഗര്‍: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കനത്ത പ്രതിഷേധം നടക്കുന്ന ഉത്തര്‍ പ്രദേശില്‍ പത്ത് പേര്‍ മരിച്ചതായാണ് ആശുപത്രികള്‍ നല്‍കിയ വിവരമെങ്കിലും ആറുപേര്‍ മാത്രമാണ് മരിച്ചതെന്നാണ് പോലീസിന്റെ കണക്ക്. ഒരു തവണ പോലും പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Advertisment

publive-image

പോലീസ് ഒരൊറ്റ തവണ പോലും വെടിയുതിര്‍ത്തിട്ടില്ലെന്നാണ് യു.പി ഡി.ജി.പി: ഒ.പി സിംഗിന്റെ വാദം. എന്നാല്‍ പ്രതിഷേധത്തിനിടെ മരിച്ചവരുടെയും പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെയും ദേഹത്ത് വെടിയുണ്ട ഏറ്റ മുറിവുകളുണ്ട്. പോലീസുകാര്‍ക്കും വെടിയേറ്റിട്ടുണ്ട്. വഡോദര, ജബല്‍പൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധങ്ങളാണ് അക്രമാസക്തമായത്. അതേസമയം, ഉത്തര്‍ പ്രദേശിലെ മറ്റു പട്ടണങ്ങളിലും രാജ്യത്തെ മറ്റു നഗരങ്ങളിലും നടന്ന പ്രതിഷേധ പരിപാടികള്‍ സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍ പ്രദേശിലടക്കം പല കേന്ദ്രങ്ങളിലും പോലീസ് ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പോലീസ് നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ പ്രതിഷേധവുമായി നിരത്തിലറങ്ങിയവരും പോലീസും തമ്മില്‍ പലയിടത്തും തെരുവില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റവുമധികം അക്രമസംഭവങ്ങള്‍ നടന്ന മീററ്റില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ബിജ്‌നോറില്‍ നാലു പേരും മുസഫര്‍നഗര്‍, ഫിറോസാബാദ്, സംഭാല്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഒരാളുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം നടന്ന ലക്‌നൗവില്‍ സ്ഥിതി ഏറെക്കുറെ ശാന്തമായി. അക്രമസംഭവങ്ങള്‍ക്കുശേഷം ഉത്തര്‍ പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 200-ഓളം പേരെ അറസ്റ്റ് ചെയ്യുകയും 3305 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പരക്കെയുണ്ടായെങ്കിലും ഇന്നലെയും യു.പിയിലെ നഗരങ്ങള്‍ വന്‍ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ബുലന്ദ്ശഹര്‍, ഹാപൂര്‍, അമ്രോഹ, ബിജ്‌നോര്‍, മുസഫര്‍നഗര്‍ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. എന്നാല്‍, നിരോധനാജ്ഞയ്ക്ക് പലയിടത്തും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. സ്‌കൂളുകളും കോളജുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

police up protest
Advertisment