മിര്‍സാപുര്‍ (യു.പി): സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കിയ വലിയ പാത്രത്തില്‍ വീണ് മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ മിര്‍സാപുരിലെ ലാല്‍ഗഞ്ച് പ്രദേശത്തെ രാംപൂര്‍ അറ്റാരി പ്രൈമറി സ്‌കൂളിലാണു സംഭവം.
സമീപത്തുണ്ടായിരുന്ന കെട്ടിട നിര്‍മാണ സാമഗ്രികളില്‍ തട്ടിയാണു കുട്ടി പാത്രത്തില്‍വീണത്. സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് പെണ്‍കുട്ടിയെ ചേര്‍ത്തിരുന്നതെന്നു പ്രാഥമിക വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു.
പാചകക്കാര്‍ ഇയര്‍ഫോണ്‍ പാട്ടുകേള്‍ക്കുകയായിരുന്നെന്നും ഇവരുടെ അശ്രദ്ധ മൂലമാണു കുഞ്ഞ് മരിച്ചതെന്നും പിതാവ് ആരോപിച്ചു. അപകടം നടന്ന ഉടനെ അധ്യാപകരും പാചകക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രാഥമികാശുപത്രയിലേക്കു കുട്ടിയെ കൊണ്ടുപോയി. എന്നാല്‍, മിര്‍സാപുരിലെ ഡിവിഷനല്‍ ആശുപത്രിയിലേക്കു മാറ്റാനാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.
സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ കുമാര്‍ പട്ടേല്‍ അറിയിച്ചു. പ്രാഥമിക വിദ്യാഭ്യാസ ഓഫിസറോട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടു. ആന്ധ്രയിലെ കുര്‍ണൂലില്‍ കഴിഞ്ഞ നവംബറില്‍ സമാന അപകടത്തില്‍ ആറു വയസ്സുള്ള വിദ്യാര്‍ഥി മരിച്ചിരുന്നു. സാമ്പാര്‍ പാത്രത്തിലേക്കാണ് അന്നു കുട്ടി വീണത്.