മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ തുടര്‍ന്ന 22 കാരിയെ അഞ്ച് വയസുകാരിയുടെ മുന്‍പില്‍ വെച്ച് ചുട്ടുകൊന്ന് ഭര്‍ത്താവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ തുടര്‍ന്ന 22 കാരിയായ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി സയീദ എന്ന യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന പൊലീസ് യുവതിയോട് അതേ വീട്ടില്‍ തുടരാന്‍ പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ യുവതിയെയും യുവതിയുടെ അമ്മയേയും യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതി കൊല്ലപ്പെട്ടു.

അഞ്ച് വയസുള്ള മകള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവ് ക്രൂരകൃത്യം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മുംബൈയില്‍ കഴിയുന്ന യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെ യുവതി പൊലീസിനെ സമീപിച്ചു. എന്നാല്‍ ഭര്‍ത്താവിനൊപ്പം തുടരാനും ആഗസ്റ്റ് 15 ന് ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാനും പൊലീസ് പറയുകയായിരുന്നു.

എന്നാല്‍ തന്റെ വീട്ടില്‍ ഇനി തുടരാന്‍ ഭാര്യയെ അനുവദിക്കില്ലെന്നും വീട് വിട്ട് പോകണമെന്നും നഫീസ് എന്ന യുവാവ് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സയീദയെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചത്- യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

അമ്മയെ അച്ഛന്‍ പിടിച്ചുവെച്ചെന്നും അമ്മായിമാര്‍ ചേര്‍ന്ന് അമ്മയുടേയും അമ്മൂമ്മയുടേയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു എന്നുമാണ് അഞ്ച് വയസുകാരിയുടെ മൊഴി.

സയ്യീദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

×