കോഴിക്കോട്: അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിൽ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ശക്തമായ പ്രതിഷേധമാണ് അവിടെ ഉണ്ടായത്. ജനങ്ങളെയാകെ പ്രകോപിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകുന്നത് പ്രയാസകരമാണ്. ജനങ്ങളുടെ മനസ് കാണാതെ പോകാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പും സങ്കീർണതകളും സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. സമയം നീട്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് തന്നെ അപേക്ഷ ഓൺലൈനായി സുപ്രീം കോടതിയിൽ നൽകും. വിധി നടപ്പിലാക്കാൻ സാവകാശം വേണമെന്നും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് അതിന് വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.
'സംസ്ഥാനത്ത് ജനവാസ മേഖലയിലൂടെ കടന്ന് പോകുന്ന സ്ഥലം മാത്രമാണ് ഉള്ളത്. വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഏത് സ്ഥലത്തേക്ക് മാറ്റിയാലും എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് കണ്ടെത്തിയത്. ഈ പ്രശ്നവും സർക്കാർ കോടതിയെ അറിയിക്കും. നെന്മാറ എംഎൽഎ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ചിരിക്കുകയാണ്. സുരക്ഷിതമായ, ജനവാസ മേഖല അല്ലാത്ത സ്ഥലം ഇല്ലെന്ന് വനം വകുപ്പ് കണ്ടെത്തി,' മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us