അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

New Update

publive-image
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12, തുഗ്ലക്ക് ലെയ്‌നിലെ വസതിയില്‍ നിന്നും കഴിഞ്ഞ ദിവസം എല്ലാ സാധനങ്ങളും മാറ്റിയിരുന്നു. സോണിയാ ഗാന്ധിയുടെ വസതിയായ 10, ജന്‍പഥിലേക്ക് രാഹുല്‍ ഗാന്ധി മാറുമെന്നാണ് വിവരം.

Advertisment

ഏപ്രില്‍ 14 ന് തന്റെ ഓഫീസും വീട്ടിലെ സാധനങ്ങളും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് രാഹുല്‍ ഗാന്ധി മാറ്റിയിരുന്നു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഏപ്രില്‍ 22 നകം വസതി ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിയോട് ലോക്‌സഭ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. രണ്ട് ദശാബ്ദത്തോളമായി ഈ ബംഗ്ലാവിലാണ് രാഹുല്‍ ഗാന്ധി താമസിച്ചു വന്നിരുന്നത്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യമായി എംപിയായ ശേഷം 2005 മുതല്‍ ഇതേ വസതിയിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇവിടെ തന്നെയാണ് രാഹുല്‍ താമസിച്ചത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇന്നലെ ഗുജറാത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അടുത്തയാഴ്ച രാഹുല്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

Advertisment