തൃശൂര്‍: ഏറെ പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തുടര്‍ന്നാണ് പാറമേക്കാവിന്റെ ഊഴം. ഞായറാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.
വന്ദേഭാരതിന്റെ അലയൊലികള്‍ മുതല്‍ ഹിറ്റ് സിനിമയായ രോമാഞ്ചം വരെ കരിമരുന്നിലും തരംഗമാകും. ട്രെയിനോടുന്ന മട്ടില്‍ മാനത്ത് പൊട്ടിവിരിയുന്ന അമിട്ടുകളാണ് സാംപിളിന്റെ പ്രധാന ആകര്‍ഷണം. പല വര്‍ണങ്ങളിലുള്ള നിലയമിട്ടുകളടക്കം ഒട്ടേറെ കൗതുകങ്ങള്‍ പാറമേക്കാവും തിരുവമ്പാടിയും കാത്തു വെച്ചിട്ടുണ്ട്. ഓരോ പൂരത്തിന്റെയും പ്രധാന വെടിക്കെട്ടില്‍ പൊട്ടിക്കുന്ന പുതുമയുള്ള അമിട്ടുകളുടെ സൂചനാ പ്രകടനമാണ് സാമ്പിളില്‍ കാഴ്ചവയ്ക്കുക.
റെഡ് ലീഫ്, ഫ്‌ളാഷ്, സൂര്യകാന്തി, പരമ്പരാഗത നിലയമിട്ടുകള്‍, ബഹുവര്‍ണ അമിട്ടുകള്‍ തുടങ്ങിയവയൊക്കെ അണിയറയില്‍ തയ്യാറാണ്. അമിട്ടുകള്‍ക്ക് പുറമേ ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം എന്നിവയുമുണ്ടാകും. സാമ്പിള്‍ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകല്‍ പൂരം എന്നിവയ്ക്കായി 2,000 കിലോ വീതം കരിമരുന്ന് പൊട്ടിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. പൂരനാളായ 30 ന് ശേഷം മെയ് ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രധാന വെടിക്കെട്ട്.