അരിക്കൊമ്പന്‍ മല കയറിയോ?; ദൗത്യസംഘത്തിന് നിരാശ, വെല്ലുവിളികളേറേ

New Update

publive-imageഇടുക്കി: മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ ദൗത്യസംഘത്തിന് മുന്നില്‍ വെല്ലുവിളിയേറുന്നു. മൂന്ന് മണിവരെയാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. എന്നാല്‍ അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്തതും കണ്ടെത്തിയാല്‍ തന്നെ വെയില്‍ ശക്തമാകുമ്പോള്‍ വെടിവെക്കുന്നതിലെ തടസം ഏറും എന്നതും ദൗത്യസംഘത്തെ നിരാശപ്പെടുത്തുന്നു.

Advertisment

രാവിലെ സിമന്റ് പാലത്ത് കണ്ട കാട്ടാനക്കൂട്ടത്തിലേത് അരിക്കൊമ്പനാകുമെന്ന നിഗമനത്തിലായിരുന്നു സംഘം. അതിനാലാണ് മണിക്കൂറുകളോളം കുങ്കിയാനകള്‍ ഉള്‍പ്പെടെ പ്രദേശത്ത് നിലയുറപ്പിച്ചത്. എന്നാല്‍ ഇത് ചക്കരകൊമ്പനാണെന്നും അരിക്കൊമ്പന്‍ കാട്ടിനുള്ളില്‍ കിടന്നുറങ്ങുകയാണെന്നും സംശയമുണ്ട്. അല്ലെങ്കില്‍ കൊമ്പന്‍ ഹൈവേ കടന്ന് ശങ്കരപാണ്ഡ്യമട്ടിന് മുകളിലേക്ക് കയറിയിട്ടുണ്ടാകാമെന്ന സംശയവും ദൗത്യസംഘത്തിനുണ്ട്. എന്നിരുന്നാലും അരിക്കൊമ്പനെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ദൗത്യസംഘം.

വെയില്‍ കനത്താല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം ഒരുക്കേണ്ടി വരും. ഇതിന് പുറമേ റേഡിയോ കോളര്‍ ധരിപ്പിക്കുന്നതും പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമായിരിക്കും. ഈ സാഹചര്യത്തില്‍ 12 മണിക്കുള്ളില്‍ അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘം ദൗത്യം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.ഇന്ന് രാവിലെ നാലരയോടെ ആരംഭിച്ചതാണ് അരിക്കൊമ്പന്‍ ദൗത്യം. എട്ടരയോടെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഇതിനായി ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിന്റെ 1, 2, 3 വാര്‍ഡുകളിലും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരുമെന്നുംഅതേസമയം അരിക്കൊമ്പനെ എവിടേക്കു കൊണ്ടുപോകും എന്ന കാര്യം വനം വകുപ്പ് പുറത്തുവിടുന്നില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വും അഗസ്ത്യാര്‍കൂടം വനമേഖലയും പരിഗണിക്കുന്നതായാണു സൂചന.

Advertisment