'വന്ദേഭരത് തന്ന് വീമ്പ് പറഞ്ഞാൽ മതിയോ?'; മോദി കേരളത്തെ ഇകഴ്ത്തിയെന്ന് മുഖ്യമന്ത്രി

New Update

publive-imageകോഴിക്കോട്: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തെ ഇകഴ്ത്തിക്കാണിച്ചു. തൊഴിലില്ലായ്മയെ കുറിച്ചുളള അദ്ദേഹത്തിന്റെ പരാമർശം വസ്തുതാവിരുദ്ധമാണ്. യുപിഎസ്‍സിയേക്കാൾ കൂടുതലായാണ് പി എസ് സി തൊഴിൽ നൽകിയിട്ടുളളത്. ഏഴ് ലക്ഷം പേർക്കാണ് തൊഴിൽ നൽകിയിട്ടുളളത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് വെറും 5 ശതമാനം ആണ്. കേരളത്തിന് പ്രത്യേക പരി​ഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചതു രണ്ടു ട്രെയിനുകൾ മാത്രമാണ്. ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാൽ മതിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisment

'കോച്ച് ഫാക്ടറിയും എയിംസും എവിടെ? നഴ്സിങ് കോളജുമില്ല. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ സംസാരിച്ചത് രണ്ടു രീതിയിലാണ്. ഔദ്യോഗിക പരിപാടിയില്‍ പറഞ്ഞത് സത്യം. പാര്‍ട്ടി പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി. യുവാക്കൾക്ക് ഒരു കോടി തൊഴിൽ വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിൽ വന്നത്. ‌എന്നാൽ തൊഴിൽ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ച് തൊഴിൽ അവസരം ഇല്ലാതാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങൾ മാത്രമാണ്. 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ രാജ്യത്ത് നികത്താതെ കിടക്കുന്നു. റെയിൽവേ മാത്രം മൂന്ന് ലക്ഷം തൊഴിൽ അവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നു,' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'കേരളത്തില്‍ മുന്‍ഗണന പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമെന്താണ്? ഏതെങ്കിലും ഒരുവിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്. ശത്രുക്കൾ ആരെന്ന് ആർഎസ്എസ് എഴുതിവച്ചത് ജനങ്ങൾക്ക് അറിയാം. സർക്കാർ മൂന്നര ലക്ഷം വീട് നൽകി. 63 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകി. അതുപോലെ 43 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കി. ഇതെല്ലാം പാർട്ടി താല്പര്യത്തിൽ ആണോ? നാടിൻ്റെ താല്പര്യം ആണ് പ്രധാനം. സ്വന്തം പാർട്ടിക്ക് രണ്ട് വോട്ട് കിട്ടാൻ വസ്തുതകൾ നിഷേധിച്ച് ആകരുത് പ്രധാനമന്ത്രി കാര്യങ്ങൾ പറയാൻ', മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അർഹമായ നികുതി വിഹിതം പോലും നൽകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനസംഖ്യക്ക് ആനുപാതികമായ തുക പോലും തരുന്നില്ല. അർഹതപ്പെട്ട ഒന്നും നൽകുന്നില്ല. 5,000 ത്തിലധികം നഴ്സിംഗ് സീറ്റുകൾ രാജ്യത്ത് അനുവദിച്ചപ്പോൾ ഒരെണ്ണം പോലും കേരളത്തിന് ഇല്ല. ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തിന് അവഗണനയാണ് നൽകിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Advertisment