കോട്ടയം: കടുത്തുരുത്തി കോതനല്ലൂരിൽ ജീവനൊടുക്കിയ ആതിരയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ആസൂത്രിതമായ സൈബർ ആക്രമണമാണ് നടന്നതെന്ന് യുവതിയുടെ സഹോദരീഭർത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല.
''അയാൾ അവളോട് മോശമായി പെരുമാറാൻ തുടങ്ങിയതോടെയാണ് ബന്ധം ഉപേക്ഷിച്ചത്. മോശമായപെരുമാറ്റം തുടർന്നതോടെ ഈ ബന്ധം ശരിയാകില്ലെന്ന് പറഞ്ഞ് അവൾ പിന്മാറി. അന്ന് അവനും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അവനും ഖത്തറിൽ ജോലിചെയ്യുന്ന ആളുമായി വേറെ കല്യാണമൊക്കെ ഉറപ്പിച്ചുവെച്ചിരുന്നു. എന്നാൽ ആതിരയ്ക്ക് വേറെ കല്യാണാലോചനകൾ തുടങ്ങിയതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. ഇടയ്ക്ക് അമ്മയെയും സഹോദരിയെയും വിളിച്ച് കല്യാണം നടത്തിക്കൊടുക്കണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്തത്. പക്ഷേ, രണ്ടുപേരും വേണ്ടെന്ന് വെച്ചതാണ്, അത് നടക്കില്ലെന്ന് പറഞ്ഞു. അത് അങ്ങനെ തീരുമെന്ന് കരുതി.
എന്നാൽ പിന്നെ ഭീഷണിയായി. വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ആതിരയും സ്‌ട്രോങ്ങായി സംസാരിച്ചു. ഒന്നുംചെയ്യാൻ പറ്റില്ല, നമ്മൾ നമ്മുടെ വഴിക്ക് നീങ്ങുകയാണെന്ന് പറഞ്ഞു. അതിനിടെ ഒരു പെണ്ണുകാണലുണ്ടായിരുന്നു. അതോടെ അവന് പ്രകോപനമായി. അവൻ എല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഇവിടെനിന്നാൽ ശരിയാകില്ലെന്ന് അവനറിയാം. അവൻ എവിടെയോ ഒളിവിൽപോയി അവിടെയിരുന്നാണ് ഇത് മൊത്തം ചെയ്തത്. അവൻ ആദ്യം ഇടുന്ന പോസ്റ്റ് തന്നെ 'നാളെ ഞാൻ അകത്തായേക്കാം' എന്നതായിരുന്നു. പിന്നീട് എന്തെങ്കിലും സംഭവിച്ചാൽ ഇയാളായിരിക്കും ഉത്തരവാദി എന്നുപറഞ്ഞ് എന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു. ആതിരയുടെ ചേട്ടനാണ്, എല്ലാം ഇയാളുടെ കളികളാണ് എന്നൊക്കെ പറഞ്ഞാണ് പോസ്റ്റിട്ടത്. പിന്നീട് ആതിരയുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി.വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ടുകൾ അടക്കം പഴയ ഫോട്ടോകളെല്ലാം പോസ്റ്റ് ചെയ്തു.
സാധാരണ ഫോട്ടോയല്ലേ, കുഴപ്പമില്ലെന്നാണ് നമ്മൾ വിചാരിച്ചത്. വിളിച്ചുപറഞ്ഞിട്ടും കാര്യമില്ലല്ലോ. അങ്ങനെ സ്‌റ്റേഷനിൽ പോയി പരാതി നൽകി. അക്കാര്യം അവൻ അറിഞ്ഞു. അതോടെ വീണ്ടും ഭയങ്കരമായി സൈബർ ആക്രമണം തുടർന്നു. അന്ന് രാത്രി അവൾ എന്നെ വിളിച്ചിരുന്നു. ഭയങ്കരമായി കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേട്ടന്റെ പേരും കൂടി ഇതിലേക്ക് വലിച്ചിഴച്ചു എന്നൊക്കെ വിഷമം പറഞ്ഞു. സാരമില്ലെന്നും ഇതെല്ലാം ഇതിനകത്തുള്ളതാണെന്നും ഞാൻ പറഞ്ഞു. ഒരുത്തൻ ഫെയ്‌സ്ബുക്കിനകത്ത് എന്തെങ്കിലും ആരോപണമിട്ടെന്ന് വിചാരിച്ചിട്ടെന്താ, ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്ന് അറിഞ്ഞോട്ടെ. അതൊന്നും വിഷമിക്കേണ്ട, എല്ലാരും കൂടെയുണ്ട് എന്നും പറഞ്ഞു.
എന്നാൽ ആ പോസ്റ്റ് പിൻവലിക്കണമെന്ന് പറയാനായി അവൾ രാത്രിയിൽ അവനെ വിളിച്ചതായാണ് തോന്നുന്നത്. രാത്രിയിൽ എന്തുസംഭവിച്ചുവെന്ന് അറിയില്ല. അതിനിടെ, അവൾ എനിക്ക് മെസേജ് അയച്ചിരുന്നു. ചേട്ടാ അയാളെ വിളിച്ച് സംസാരിക്കുമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. എന്നാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതുകൊണ്ട് ആ മെസേജ് ഞാൻ കണ്ടില്ല. അവൾ പിന്നെ രാവിലെ എഴുന്നേറ്റ് ആറരയോടെയാണ് മുറിയിൽനിന്ന് പുറത്തേക്ക് വന്നത്. എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് എന്റെ ഭാര്യ നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്
ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us