കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക്; 13ന് വോട്ടെണ്ണൽ, അഞ്ച് കോടി 24 ലക്ഷം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും

New Update

publive-image

Advertisment

ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

9,58,806 കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പകുതി ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര- സംസ്ഥാന സായുധ സേനകളാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷ ഒരുക്കുക.

അതേസമയം പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2018 ലെ തെരഞ്ഞെടുപ്പില്‍ 72.57 ശതമാനമായിരുന്നു കര്‍ണാടകയിലെ പോളിംഗ്. ബെംഗളൂരു നഗരത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് വാരാന്ത്യം ഒഴിവാക്കി ആഴ്ചയുടെ മധ്യത്തിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ഇതുവഴി പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കഴിയുമെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍. 13ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുക.

Advertisment