വന്ദനയുടെ കൊലപാതകം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് മന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

New Update

publive-image
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിദാരുണമായ സംഭവമാണ് നടക്കുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നത്. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Advertisment

'ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന് തലക്കും കുത്തേറ്റു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാന്‍ നിയമം നിലവില്‍ ഉണ്ട്. കൂടുതല്‍ ശക്തമാക്കി ഓര്‍ഡിനന്‍സായി ഇറക്കും. സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും ഇത്തരം സംഭവം ഉണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്' എന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടറാണ് കൊല്ലപ്പെട്ടത്. ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടറും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറുടെ പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. സസ്‌പെന്‍ഷനിലായ അധ്യാപകനാണ് പ്രതി.

Advertisment