ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയെ മറികടന്ന വിജയം നേടാം, പൊരുതേണ്ട സമയമെന്ന് കെ സുധാകരന്‍

New Update

publive-image

തിരുവനന്തപുരം: കര്‍ണാടക വിജയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഐക്യത്തോടെ നേരിട്ടാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഇല്ലെന്ന് തെളിയിക്കുകയാണ് കര്‍ണാടക ഫലമെന്ന് കെ സുധാകരന്‍ പറഞ്ഞു.

Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാകണമെന്ന ആഹ്വാനത്തോടെയാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. സിയുസികളുടെ പൂര്‍ത്തീകരണവും പുരോഗമിക്കുകയാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയില്‍ ഉണ്ടായതിനേക്കാള്‍ മികച്ച നേട്ടം കേരളത്തിലുണ്ടാവുമെന്നും കെ സുധാകരന്‍ പറഞ്ഞു. വരാനിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 എംപിമാരെ കേരളത്തില്‍ നിന്നും വിജയിപ്പിച്ചെടുക്കേണ്ടത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേയും ചുമതലയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്....കര്‍ണാടക വിജയം നമുക്ക് മാതൃകയാണ്. കര്‍ണാടക നമ്മളില്‍ ഓരോരുത്തര്‍ക്കും പാഠമാണ്. ഒന്നിച്ചു നിന്ന് പൊരുതിയാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടപ്പെട്ടിരിക്കുന്നു. പരാജയങ്ങളില്‍ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്റെ സല്യൂട്ട്... നിങ്ങളാണ് ഈ പാര്‍ട്ടി, നിങ്ങളുടെ ത്യാഗമാണ് നമ്മുടെ വിജയം.

കോണ്‍ഗ്രസ്സിനോളം സ്‌നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്‌നേഹത്തിന്റെ നൂലില്‍ മനുഷ്യരാശിയെ കോര്‍ത്തിണക്കാന്‍ കഴിവുള്ള, ആഴത്തില്‍ വേരുകള്‍ പതിഞ്ഞ, ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാര്‍ട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും.ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണ്. സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂര്‍ത്തീകരണത്തിന് പാര്‍ട്ടി അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട്. ആ സംവിധാനത്തില്‍ ആത്മാര്‍ത്ഥതയോടെ കൂടി പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയില്‍ ഉണ്ടായതിനേക്കാള്‍ മികച്ച നേട്ടം കേരളത്തില്‍ നമുക്ക് ഉണ്ടാക്കാനാകും.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളം കര്‍ണാടകത്തില്‍ മുഴങ്ങി കഴിഞ്ഞു...വരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണ്....20 എംപിമാരെ കേരളത്തില്‍ നിന്ന് വിജയിപ്പിച്ചു അയക്കേണ്ടത് നമ്മുടെ ചുമതലയാണ്.ലോകത്തുള്ള എല്ലാവിധ ജീര്‍ണതകളും പേറി നടക്കുന്നൊരു സര്‍ക്കാരാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലും അഴിമതിക്കാരനുമാണ് നമ്മുടെ മുഖ്യമന്ത്രി. പിണറായി വിജയനെന്ന ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് 'ജനാധിപത്യ'ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം....

Advertisment