24 എസി ലോഫ്ളോർ ബസുകൾ വാടകയ്ക്ക്; വിമാനത്താവളത്തിലേക്ക് സർവീസ്

New Update

publive-image

തിരുവനന്തപുരം: വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ വാടകയ്ക്ക് നല്‍കാന്‍ തീരുമാനം. 24 എസി ലോഫ്ളോര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഇന്ധനക്ഷമത കുറഞ്ഞതിനെ തുടര്‍ന്ന് സാധാരണയായി കോര്‍പ്പറേഷന് വലിയ നഷ്ടമാണ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. ബസുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പുമായി കെഎസ്ആര്‍ടിസി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

Advertisment

ആദ്യഘട്ടത്തില്‍ വോള്‍വോയുടെ നവീകരിച്ച എസി ലോ ഫ്‌ലോര്‍ ബസ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൈമാറിയത്. ഉടന്‍ തന്നെ രണ്ട് ബസുകള്‍ കൂടി തിരുവനന്തപുരം വിമാനത്താവളത്തിന് അനുവദിക്കും. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിനാണ് ബസുകളുടെ മേല്‍നോട്ടച്ചുമതല. ആദ്യമായാണ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതി ലഭിക്കുന്നത്. മാസ വാടകയായി ബസിന് നിശ്ചയിച്ചിട്ടുള്ള തുക കോര്‍പ്പറേഷനാണ് നല്‍കുക. അറ്റകുറ്റപ്പണികളും കമ്പനിതന്നെ നിര്‍വഹിക്കും.

ജീവനക്കാരുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവ ഒഴിവാകുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനമായിരിക്കും ബസുകളില്‍നിന്ന് ലഭിക്കുക. ചെന്നൈ, കോയമ്പത്തൂര്‍, നെടുമ്പാശ്ശേരി, ബെംഗളൂരു അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് 23 ബസുകള്‍ കൂടി ബേര്‍ഡ് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി ബസുകളും വൈകാതെ കൈമാറും. കരാര്‍ കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ബസുകള്‍ രൂപമാറ്റംവരുത്തി കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ കെഎസ്ആര്‍ടിസി തുടങ്ങിയിട്ടുണ്ട്.

Advertisment