പത്താം ക്ലാസ് ഫലം കാത്തുനിൽക്കാതെ യാത്രയായ സാരംഗ് പത്തു പേർക്ക് പുതുജീവനേകുന്നു, കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യും

New Update

publive-image

തിരുവനന്തപുരം: എസ്എസ്എൽസി ഫലം വരാൻ മണികൂറുകൾ മാത്രം അവശേഷിക്കേ മരണത്തിനു കീഴടങ്ങേണ്ടി വന്ന സാരംഗ് ഇനി പത്ത് പേരിലൂടെ ജീവിക്കും. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് (16) അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണു ബുധനാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചത്.

Advertisment

മരിച്ച സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു.

മെയ് ആറാം തീയ്യതി വൈകിട്ട് 3 ന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തുണ്ടായ അപകടത്തിലാണ് സാരംഗിനു പരിക്കേറ്റത്. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. സംസ്കാരം ഇന്ന്. കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്

കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ, ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു. ഏക സഹോദരൻ: യശ്വന്ത്

Advertisment