'2000 രൂപ നോട്ടുകൾ ബസുകളിൽ സ്വീകരിക്കും'; വിശദീകരണവുമായി കെഎസ്ആ‍ര്‍ടിസി

New Update

publive-image

തിരുവനന്തപുരം: രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആ‍ര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആ‍ര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Advertisment

2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ഇനി നോട്ടുകൾ കെഎസ്ആ‍ര്‍ടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.

അതേ സമയം, പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ പ്രത്യേകം ഫോം പൂരിപ്പിച്ച് നൽകേണ്ടതില്ലെന്ന് എസ്ബിഐ അറിയിച്ചു. കേന്ദ്ര നിർദേശ പ്രകാരം ഒറ്റത്തവണ 20,000 രൂപവരെ മാറിയെടുക്കാൻ പ്രത്യേകം ഫോമോ തിരിച്ചറിയൽ രേഖയോ നൽകേണ്ടതില്ല. ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കാത്ത രീതിയിൽ നടപടികൾ പൂർത്തിയാക്കണമെന്നും പ്രസ്താവനയിലുണ്ട്. സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജനറൽ മാനേജരുടെ നടപടി.

Advertisment