/sathyam/media/post_attachments/1zmiLQyWqVx5ngRevEz0.jpg)
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന് കൈയോടെ വിജിലൻസ് പിടികൂടുന്ന സർക്കാരുദ്യോഗസ്ഥരെ കോടതി ശിക്ഷിക്കും വരെ കാത്തിരിക്കാതെ അപ്പോൾ തന്നെ പിരിച്ചുവിടാൻ സർക്കാർ നീക്കം തുടങ്ങി. ഇതിനായി സർവീസ് റൂൾ ഭേദഗതി ചെയ്യാൻ നിയമോപദേശം തേടി. നിലവിൽ വിജിലൻസ് കേസുകൾ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാൻ പത്ത് വർഷം വരെ വേണം. ഇതിനകം പ്രതികൾ മരണപ്പെട്ട സംഭവങ്ങൾ വരെയുണ്ട്. കേസിൽപെട്ടാൽ ഒരുവർഷത്തെ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ച് ജോലിയിൽ കയറാം. പിന്നീട് കാലാകാലങ്ങളിൽ പ്രൊമോഷനെല്ലാം നേടി സുഖമായി വിരമിക്കാം. ഇതൊഴിവാക്കാനാണ് അഴിമതിക്കാരെ വിജിലൻസ് പിടിക്കുമ്പോൾ തന്നെ പിരിച്ചുവിടാനുള്ള നീക്കം.
കൈക്കൂലി കൈയോടെ പിടികൂടുന്ന കേസുകളിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ 3മാസം കൊണ്ട് വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് സർക്കാരിന് ശുപാർശ നൽകിയത്. കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. അറസ്റ്റിലാവുന്നവർ ഒരാഴ്ച റിമാൻഡ്, ഒരുവർഷം സസ്പെൻഷൻ എന്നിവ കഴിഞ്ഞ് തിരികെ സർവീസിലെത്തി വീണ്ടും കൈക്കൂലിയിടപാട് തുടരുകയാണ് പതിവ്. വിജിലൻസ് പിടിയിലായത് കോഴയിടപാടിനുള്ള ലൈസൻസായും ഒരുവിഭാഗം ഉദ്യോഗസ്ഥർ കരുതുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കൈക്കൂലിക്കാരെ ഉടനടി പിരിച്ചുവിടാനുള്ള നീക്കം. പക്ഷേ ഇതിന് സർവീസ് റൂൾ ഭേദഗതി ചെയ്യേണ്ടി വരും.
കൈക്കൂലിക്കാർക്ക് കെണിയൊരുക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്ന നോട്ടിന്റെ സീരിയൽ നമ്പറുകൾ മുൻകൂട്ടി മജിസ്ട്രേറ്റിനെ നൽകുകയും കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോൺവിളി, പരാതിക്കാരന്റെ മൊഴി എന്നിങ്ങനെ രേഖകൾ ഹാജരാക്കുകയും ചെയ്യും. ജില്ലാകളക്ടർ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥൻ ട്രാപ്പ് ഓപ്പറേഷനുള്ള വിജിലൻസ് സംഘത്തിൽ സാക്ഷിയായുണ്ടാവും. ഈ ഉദ്യോഗസ്ഥന്റെ മൊഴി കോടതിയിൽ തെളിവാക്കും. കോഴയിടപാടിന്റെ വീഡിയോ-ഓഡിയോ ചിത്രീകരണവും നടത്തും. നോട്ടിൽ പുരട്ടിയ ഫിനോഫ്തലീൻ പൊടി കൈയിൽ പുരളുമ്പോൾ സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കും. അപ്പോൾ കൈയിൽ പിങ്ക് നിറമുണ്ടാവും. ഇത് ശാസ്ത്രീയ തെളിവാക്കും.
കഴിഞ്ഞവർഷം-45, ഇക്കൊല്ലം-23 ഉദ്യോഗസ്ഥർ കൈയോടെ പിടിയിലായിട്ടുണ്ട്. ഏറ്റവുമധികം റവന്യൂവിലാണ്. തദ്ദേശം, ആരോഗ്യം രജിസ്ട്രേഷൻ വകുപ്പുകൾ പിന്നാലെയുണ്ട്. ഇക്കൊല്ലം ഇതുവരെ അറസ്റ്റിലായ 26ൽ 9പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശം-6, ആരോഗ്യം-4 എന്നിങ്ങനെയാണ് കണക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us