Advertisment

കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകൾക്ക് പകരം വന്ദേഭാരത് വരും. അടുത്ത ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും സർവീസുകൾ. പകൽ യാത്രയ്ക്ക് സൗകര്യം കൂടിയ വന്ദേ ചെയർകാർ ട്രെയിനുകളിൽ നിരക്കും കുറവ്. 160കിലോമീറ്റർ വേഗത്തിലോടിക്കാൻ ട്രാക്കുകൾ പുതുക്കിപ്പണിയും. കേരളത്തിൽ ട്രെയിൻ യാത്ര അടിമുടി മാറും.

New Update

publive-image

Advertisment

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ സർവീസുകൾ നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകൾ കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ട്രെയിൻ സർവീസുകളാണ്. മിക്കപ്പോഴും ഈ പകൽ ട്രെയിനുകളിൽ സീറ്റ് കിട്ടാനുണ്ടാവില്ല. എന്നാൽ ഈ രണ്ട് ജനശതാബ്ദിക്ക് പകരം വന്ദേഭാരത് ട്രെയിനോടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. അടുത്ത ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും സർവീസുകൾ തുടങ്ങാനാണ് തീരുമാനം. ഇത് ലക്ഷ്യമിട്ട് ട്രെയിനുകളുടെ നിർമ്മാണം കോച്ച് ഫാക്ടറികളിൽ വേഗത്തിലാക്കിയിട്ടുണ്ട്.

പ്രത്യേകം രൂപകൽപന ചെയ്ത വന്ദേഭാരതാണ് ജനശതാബ്ദിക്ക് പകരമായി ഓടിക്കുക. പകൽ യാത്രയ്ക്ക് കൂടുതൽ സുഖപ്രദമായ സീറ്റുകളടക്കം ആധുനിക സൗകര്യങ്ങൾ ഇവയിലുണ്ടാവും. ജനശതാബ്ദികൾക്ക് പകരമായി വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നിങ്ങിനെ മൂന്ന് തരം ട്രെയിനുകളാണ് റെയിൽവേ നിർമ്മിക്കുക. ദൂരത്തിന് അനുസരിച്ചാണ് ഇവയിലേതാണ് സർവീസ് നടത്തുന്നതെന്ന് തീരുമാനിക്കുക. 100 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതൽ 550 കിലോമീറ്റർ വരെ വന്ദേ ചെയർ കാർ, 550 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ വന്ദേ സ്ലീപ്പർ എന്നിവയാണ് ഓടിക്കുക. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ, കോഴിക്കോട് വരെ യാത്രയ്ക്ക് വന്ദേ ചെയർകാറായിരിക്കും ഓടിക്കുക. ഇരുന്നു മാത്രം യാത്ര ചെയ്യാനാവുന്ന ട്രെയിനായിരിക്കും ഇത്.

കേരളത്തിൽ നിന്ന് ഏറ്റവും തിരക്കേറിയ ചെന്നൈ, ബാഗ്ലൂർ റൂട്ടുകളിൽ വന്ദേസ്ലീപ്പർ പുതിയൊരു ട്രെയിനിനും സാദ്ധ്യതയുണ്ട്. വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾക്ക് അനുയോജ്യമായ തരത്തിൽ ട്രാക്കുകൾ പുതുക്കിപ്പണിയും. നിലവിലെ 80കിലോമീറ്ററിന് പകരം 160 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനോടിക്കാൻ കഴിയുന്ന തരത്തിലാവും ട്രാക്ക് പുതുക്കിപ്പണിയുക. ട്രാക്ക് നവീകരിക്കാനുള്ള പണികൾ ആരംഭിച്ചു കഴിഞ്ഞു. 2027-28 വർഷത്തോടെ രാജ്യത്തെ എല്ലാ റെയിൽവേ ട്രാക്കുകളും 160കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കാൻ കഴിയുന്നതാക്കി മാറ്റും. മനുഷ്യരും മൃഗങ്ങളും അപകടത്തിൽ പെടുന്നതൊഴിവാക്കാൻ സംരക്ഷണ വേലിയുമുണ്ടാവും.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് 'സെമി ഹൈസ്പീഡ്' ട്രെയിനുകൾ നിർമ്മിക്കുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 9ദിവസം കൊണ്ട് ഒരു പുതിയ ട്രെയിൻ പുറത്തിറക്കും. ഡിമാൻഡ് കൂടിയതോടെ രണ്ട് ഫാക്ടറികളിൽ കൂടി വന്ദേഭാരത് ട്രെയിൻ നിർമ്മാണം ഉടൻ ആരംഭിക്കും. ജനശതാബ്ദികൾക്ക് പകരം വരുന്ന വന്ദേഭാരതിൽ നിരക്കും കുറവായിരിക്കും. നിലവിലെ തിരുവനന്തപുരം- കാസർകോട് ജനശതാബ്ദിയിലേതു പോലെ ഉയർന്ന നിരക്കാവില്ല ഈ ട്രെയിനുകളിൽ.

Advertisment