സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഡെങ്കിപ്പനി പിടിപെടുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്.

Advertisment

നിലവില്‍ പ്രതിദിനം ഇരുപതിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് മഴ ഇടയ്ക്കിടെ പെയ്യുന്ന സാഹചര്യത്തിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ഡെങ്കിപ്പനി കൂടുതലായും പിടിപ്പെടുന്നത് വൃത്തിഹീനമായ പരിസരത്ത് നിന്നാണ്. വെളളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനാല്‍ വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം.

വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക്, ചിരട്ട എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരും, അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.വീട്ടിനകത്തെ ചെടിച്ചട്ടികളിലെയും ഫ്രിഡ്ജിലെ ട്രേയിലെയും വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗശൂന്യമായ ടയറുകള്‍, വലിച്ചെറിയുന്ന പഴയ പാത്രങ്ങള്‍, ടാങ്കുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയിലും വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം.

സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സിക്കാന്‍ പാടില്ല. പനി ബാധിച്ച് ഒരുപാട് ദിവസങ്ങള്‍ കഴിഞ്ഞാണ് പലരും ആശുപത്രിയില്‍ പോകുന്നത്. ഇത് രോഗം ഗുരുതരമാകുന്നതിന് കാരണമാകും. അതിനാല്‍ പനി ബാധിച്ചാല്‍ ഉടന്‍ ആശുപത്രിയില്‍ പോകണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Advertisment