/sathyam/media/post_attachments/sKkBUPLxUWMfk64Uwc2f.jpg)
കമ്പം; ഇന്നലെ കമ്പത്ത് ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ഉടന്‍ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. അരിക്കൊമ്പന്‍ നിലവില്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം കോടിലിംഗ ക്ഷേത്രത്തിന് അരികെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചുരുളിപ്പെട്ടിയില്‍ എത്തിയിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം.
മൂന്ന് കുങ്കിയാനകളെയാണ് ദൗത്യത്തിനായി കമ്പത്ത് എത്തിച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് തുരത്തിയശേഷം മയക്കുവെടി വച്ച് ആനയെ മേഘമലയിലേക്ക് മാറ്റാനാണ് ദൗത്യസംഘത്തിന്റെ പദ്ധതി. എന്നാല്‍ ആനയുടെ സമീപത്തേക്ക് എത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പടക്കം ഉള്‍പ്പെടെ ഉപയോഗിച്ച് ആനയെ ചുരുളി വെള്ളച്ചാട്ടത്തിന്റെ സമീപത്തുനിന്ന് നീക്കാനാണ് വനംവകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും പ്രദേശത്ത് നിയന്ത്രണമുണ്ട്.
കമ്പത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ചുരുളിപ്പെട്ടി. കുങ്കിയാനകളെ ഉടന്‍ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകും. തൊട്ടടുത്ത് ജനവാസമേഖലയുള്ളതിനാല്‍ മയക്കുവെടി വയ്ക്കുന്നത് വളരെ ജാഗ്രതയോടെ വേണമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us