സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ ആലോചന, നിർദേശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ സർക്കാർ ആലോചിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് നിർദേശം. എന്നാൽ നിർദേശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു എന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

Advertisment

ഇത് പ്രകാരമാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദേശം വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവച്ചത്. പുതിയ അക്കാദമിക് കലണ്ടറനുസരിച്ച്, ജൂൺ, സെപ്തംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മൂന്ന് വീതം ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാകും. ജൂലൈയിൽ എല്ലാ ശനിയാഴ്ചയും ക്ലാസ്സ് ഉണ്ടാകും. ആഗസ്ത്, നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ട് ശനിയാഴ്ച വീതം പ്രവർത്തിക്കാനാണ് നിർദേശം. കരട് പ്രകാരം ഈ അധ്യയന വർഷം ആകെ 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്താം എന്നാണ് നിർദേശം. കുട്ടികൾക്ക് ഉയർന്ന പഠന നിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തീരുമാനം എന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇത് കുട്ടികളുടെ സമ്മർദ്ദം കൂട്ടാൻ കാരണമാകുമെന്ന് അധ്യാപക സംഘടനകൾ പറയുന്നു.

ഇത്തരത്തിൽ എതിർപ്പുകൾ ഉയരുന്നതിനാൽ തന്നെ വിവിധ തലങ്ങളിൽ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

Advertisment