ഈ കാഴ്ച ഹൃദയഭേദകം, അവര്‍ക്ക് അര്‍ഹമായ നീതി കൊടുക്കണം, സമയം അതിക്രമിച്ചിരിക്കുന്നു; ഗുസ്തി താരങ്ങളെ പിന്തുണച്ച് അഞ്ജലി മേനോന്‍

New Update

publive-image

ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംവിധായിക അഞ്ജലി മേനോന്‍. രാജ്യത്തിന്റെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു എന്നാണ് അഞ്ജലി മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

Advertisment

അഞ്ജലി മേനോന്റെ കുറിപ്പ്:

സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നത്. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ സ്ത്രീകള്‍ ഓരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത്.

അവര്‍ക്ക് അര്‍ഹമായ നീതി നേടി കൊടുക്കാനാകണം. ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര അവര്‍ക്കൊപ്പം നില്‍ക്കുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”
”അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും ആദരവോടെയും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പാക്കാനാകണം. ഓരോ കായിക താരവും സുരക്ഷിതമായ അന്തരീക്ഷം അര്‍ഹിക്കുന്നു.” ഒരു രാജ്യം എന്ന നിലയില്‍ നാം ആരാധിക്കുന്ന നിരവധി കായിക നായകന്‍മാര്‍ക്ക് ഇത് പ്രചോദനമായി മുന്നോട്ട് വരുമെന്ന് ഞാന്‍ കരുതുന്നു.

Advertisment